വിലപേശാൻ നിതീഷും നായിഡുവും; ആഭ്യന്തരം, നാലു കാബിനറ്റ് മന്ത്രിസ്ഥാനങ്ങൾ, സ്പീക്കർ പദവി....
text_fieldsന്യൂഡൽഹി: ബി.ജെ.പിക്ക് സർക്കാർ രൂപവത്കരണത്തിന് മറ്റു പാർട്ടികളുടെ പിന്തുണ അനിവാര്യമായിരിക്കെ, പരമാവധി വിലപേശാനൊരുങ്ങി ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ബുധനാഴ്ച വൈകീട്ട് ചേർന്ന എൻ.ഡി.എ യോഗത്തിനുശേഷം സർക്കാറുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ച് നേതാക്കൾ രാഷ്ട്രപതിയെ കാണുന്നുണ്ട്. നാലു കാബിനറ്റ് മന്ത്രി സ്ഥാനങ്ങൾ വരെ എൻ.ഡി.എ സർക്കാറിൽ നിതീഷ് ആവശ്യപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരം. കൂടാതെ, സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കൽ, ബിഹാറിന് പ്രത്യേക പദവി, പ്രത്യേക കേന്ദ്ര ഫണ്ട് എന്നീ കാര്യങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചേക്കും.
ജെ.ഡി.യുവിന് 12 എം.പിമാരാണുള്ളത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഒറ്റക്ക് ഭൂരിപക്ഷം നേടിയ ബി.ജെ.പി ഇത്തവണ 240 സീറ്റുകളിലേക്ക് ചുരുങ്ങിയതോടെയാണ് സർക്കാർ രൂപവത്കരിക്കാൻ മറ്റു പാർട്ടികളുടെ പിന്തുണ നിർണായകമായത്. കുറഞ്ഞത് മൂന്ന് കാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുമ്പ് ജെ.ഡി.യുവിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ‘ജെ.ഡി.യു നിലവിൽ മികച്ച വിലപേശലിനുള്ള നിലയിലാണ്. കുറഞ്ഞത് നാല് കേന്ദ്ര മന്ത്രി സ്ഥാനങ്ങളെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു സഹമന്ത്രി സ്ഥാനവും ആവശ്യപ്പെടാം’ -മുതിർന്ന ജെ.ഡി.യു നേതാവ് പ്രതികരിച്ചു.
റേയിൽവേ, നഗരവികസനം, ജലസേചനം എന്നീ വകുപ്പുകളിലാണ് പാർട്ടി കണ്ണുവെക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനായി നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്നാണ് പാർട്ടി നിലപാട്. സംസ്ഥാനത്തെ 40 ലോക്സഭ സീറ്റുകളിൽ ജെ.ഡി.യു-എൻ.ഡി.എ സഖ്യത്തിന് 30 സീറ്റുകളാണ് ലഭിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതിനോട് സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന് താൽപര്യമില്ല. 16 എം.പിമാരുള്ള ടി.ഡി.പി സ്പീക്കർ പദവിയും ആഭ്യന്തരവും നാല് മന്ത്രിസ്ഥാനവും ആവശ്യപ്പെടുമെന്നും സൂചനകളുണ്ട്. സഖ്യ കക്ഷികളുടെ വിലപേശൽ വരുംദിവസങ്ങളിൽ ബി.ജെ.പിക്ക് തലവേദനയാകും.
നേരത്തെ മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ.ഡി.എ സർക്കാർ രാജിവെച്ചിരുന്നു. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. രാജി സ്വീകരിച്ച രാഷ്ട്രപതി പുതിയ സർക്കാർ അധികാരത്തിലേറുന്നത് വരെ മന്ത്രിസഭ തുടരാൻ ആവശ്യപ്പെട്ടു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് രാജിക്കത്ത് നൽകാനായി പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലെത്തിയത്. മോദി പ്രധാനമന്ത്രിയായി മൂന്നാം എൻ.ഡി.എ സർക്കാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.