നിതീഷ് കുമാറിന് മാനസിക സ്ഥിരതയില്ല; മകനെ മുഖ്യമന്ത്രിയാക്കുന്നതാണ് നല്ലത് -ദേശീയ ഗാനത്തെ അപമാനിച്ച സംഭവത്തിൽ വിമർശനവുമായി റാബ്രി ദേവി
text_fieldsപട്ന: ദേശീയ ഗാനത്തെ അപമാനിച്ചുവെന്നാരോപിച്ച് ബിഹാർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി രാഷ്ട്രീയ ജനത ദൾ. നിയമസഭ കോംപ്ലക്സിന് പുറത്തുവെച്ചായിരുന്നു ആർ.ജെ.ഡി എം.എൽ.എമാരുടെ പ്രതിഷേധം. നിതീഷ് കുമാറിനെ പരിഹസിക്കുന്ന പോസ്റ്ററുകൾ കൈകളിലേന്തിയ അവർ അദ്ദേഹത്തിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ദേശീയ ഗാനം ആലപിക്കുന്നതിനിടെ ഒരു വേദിയിൽ വെച്ച് നിതീഷ് കുമാർ ചീഫ് സെക്രട്ടിയോട് സംസാരിച്ചതാണ് വിവാദത്തിനാധാരം. ചീഫ് സെക്രട്ടറി തടയാൻ ശ്രമിച്ചിട്ടും അദ്ദേഹം അതവഗണിച്ച് സംസാരം തുടരുകയാണ്.
അപമാനകരമായ സംഭവമാണിതെന്ന് പ്രതിപക്ഷ നേതാവ് തേജസി യാദവ് വിമർശിച്ചു. ''നിതീഷ് കുമാർ എന്നേക്കാൾ പ്രായമുള്ള വ്യക്തിയാണ്. അദ്ദേഹം ബിഹാറിന്റെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തോട് ബഹുമാനവുമുണ്ട്. എന്നാൽ അദ്ദേഹം കഴിഞ്ഞ ദിവസം ദേശീയഗാനത്തെ അനാദരിച്ച സംഭവം ബിഹാറിന് തന്നെ നാണക്കേടാണ്.''-എന്നാണ് സംഭവത്തെ കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ തേജസ്വി യാദവ് പറഞ്ഞത്.
മുഖ്യമന്ത്രിയാണ് സംസ്ഥാനത്തിന്റെ നേതാവ്. കഴിഞ്ഞദിവസം സംഭവിച്ച കാര്യം വളരെ ലജ്ജാകരമായ ഒന്നാണ്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാവും ഒരു മുഖ്യമന്ത്രി ഇത്തരത്തിൽ ദേശീയ ഗാനത്തെ അപമാനിക്കുന്നതെന്നും തേജസ്വി യാദവ് കുറ്റപ്പെടുത്തി.
നിതീഷ് കുമാർ മകൻ നിഷാന്ത് കുമാറിനെ മുഖ്യമന്ത്രി പദം ഏൽപിക്കണമെന്നായിരുന്നു റാബ്രിദേവിയുടെ നിർദേശം.
''നിതീഷ് കുമാറിന് മാനസിക സ്ഥിരതയില്ല. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ മകനെ മുഖ്യമന്ത്രിയാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്. അദ്ദേഹത്തിന്റെ മകന് ശരിയായി പ്രവർത്തിക്കുന്നില്ല.''-റാബ്രി ദേവി പറഞ്ഞു.
നിതീഷ് കുമാറിന്റെ ശാരീരിക-മാനസിക ആരോഗ്യത്തെയും തേജസ്വി യാദവ് ചോദ്യം ചെയ്തു.''താങ്കൾ ബിഹാർ പോലുള്ള വലിയൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഞങ്ങൾ ഓർമപ്പെടുത്തുന്നു. കുറച്ചു സെക്കൻഡ് നേരത്തേക്കാണെങ്കിൽ പോലും താങ്കൾ ശാരീരികമായും മാനസികമായും സ്ഥിരതയുള്ള അവസ്ഥയിലല്ലെന്ന് ഞങ്ങൾക്ക് മനസിലായി. ആ നിലക്ക് ബിഹാർ മുഖ്യമന്ത്രി പദവിയിൽ താങ്കൾ തുടരുന്നതിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. ബിഹാർ ജനതയെ ഈ രീതിയിൽ ഇനിയും ഇങ്ങനെ അപമാനിക്കരുത്.''-തേജസ്വി യാദവ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.