ബിഹാറിന് പ്രത്യേക പദവി; ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നിതീഷ് കുമാർ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച ചേർന്ന ജെ.ഡി.യു ദേശീയ എക്സിക്യുട്ടീവ് യോഗത്തിൽ ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യത്തിലുറച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ലോക്സഭ തെരഞ്ഞെടുപ്പിൽ 12 സീറ്റുകൾ നേടിയ ജെ.ഡി.യുവിന്റെ പിന്തുണയോടെയാണ് മൂന്നാംവട്ടം നരേന്ദ്രമോദി അധികാരത്തിലേറിയത്. അതിനാൽ ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം അംഗീകരിക്കാൻ ബി.ജെ.പി നിർബന്ധിതരാകും.
യോഗത്തിൽ പാർട്ടിയുടെ രാജ്യസഭ എം.പിയായ സഞ്ജയ് ഝായെ ജെ.ഡി.യു വർക്കിങ് പ്രസിഡന്റായി തെരഞ്ഞെടുത്തു. പ്രത്യേക പദവിക്ക് പുറമെ ബിഹാറിന് പ്രത്യേക സാമ്പത്തിക പാക്കേജും കേന്ദ്രത്തോട് ആവശ്യപ്പെട്ടേക്കും. കഴിഞ്ഞവർഷം നടന്ന യോഗത്തിൽ സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. ദീർഘകാലമായി സാമ്പത്തിക പിന്നോക്കാവസ്ഥ ചൂണ്ടിക്കാട്ടി ബിഹാറിന്റെ പ്രത്യേക പദവിക്കായി വാദിക്കുകയാണ് നിതീഷ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ. പ്രത്യേക പദവി ലഭിച്ചാൽ സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്നുള്ള നികുതി വരുമാനത്തിന്റെ വിഹിതം വർധിക്കും.
ഇതിനെല്ലാം പുറമെ, ഒ.ബി.സി, മറ്റ് പിന്നോക്ക വിഭാഗങ്ങൾ, പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾ എന്നിവർക്കുള്ള സംവരണം ഒമ്പതാംപട്ടികയിൽ ഉൾപ്പെടുത്തണമെന്നും ജെ.ഡി.യു കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2025ൽ ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.