സി.പി.എമ്മുമായി ചെറുപ്പം തൊട്ടേ ബന്ധമെന്ന് നിതീഷ് കുമാർ: 'ഡൽഹിയിൽ വരുമ്പോഴൊക്കെ എ.കെ.ജി ഭവനിൽ എത്താറുണ്ട്'
text_fieldsന്യൂഡൽഹി: സി.പി.എമ്മുമായി ചെറുപ്പം തൊട്ടേ ബന്ധമുണ്ടെന്ന് ബിഹാർ മുഖ്യമന്ത്രിയും ജനതദൾ-യു നേതാവുമായ നിതീഷ് കുമാർ. ഡൽഹിയിൽ വരുമ്പോഴൊക്കെ എ.കെ.ജി ഭവനിൽ എത്താറുണ്ട്. നിങ്ങൾ ഒരുപക്ഷേ കണ്ടിട്ടുണ്ടാവില്ല. ഇന്ന് ഞങ്ങളെല്ലാം വീണ്ടും ഒന്നിച്ചു വന്നിരിക്കുന്നു. എല്ലാവരെയും ഒന്നിച്ചു ചേർക്കുന്നതിലാണ് പൂർണശ്രദ്ധ. എല്ലാവരും ഒന്നിച്ചാൽ അതൊരു വൻനേട്ടമാകും -നിതീഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ ആഗ്രഹമോ അവകാശവാദമോ തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്, ഇടതുപാർട്ടികൾ, വിവിധ പ്രാദേശിക പാർട്ടികൾ എന്നിവ ഒന്നിച്ചു നിൽക്കുന്ന പ്രതിപക്ഷ ഐക്യത്തിന് സമയമായെന്നും, അതിനാണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഹാറിലെ സഖ്യങ്ങളിൽ പൊളിച്ചെഴുത്തു നടത്തിയ ശേഷം ഇതാദ്യമായി ഡൽഹിയിലെത്തിയ നിതീഷ് കുമാർ വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കണ്ടിറങ്ങിയപ്പോഴാണ് നായക റോളിന് ആഗ്രഹമോ അവകാശവാദമോ ഇല്ലെന്ന് നിതീഷ് പറഞ്ഞത്.
നിതീഷ് പ്രതിപക്ഷത്ത് എത്തിയതും ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ പങ്കുചേരൻ താൽപര്യം പ്രകടിപ്പിക്കുന്നതും ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ സൂചനയാണെന്ന് സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കുകയല്ല, എല്ലാ പാർട്ടികളെയും ഒന്നിപ്പിക്കുകയാണ് ആദ്യ അജണ്ട. സമയമാകുമ്പോൾ പ്രധാനമന്ത്രി സ്ഥാനാർഥിയെ തീരുമാനിച്ച് ഞങ്ങൾ എല്ലാവരെയും അറിയിക്കും -യെച്ചൂരി കൂട്ടിച്ചേർത്തു.
രണ്ടു ദിവസം ഡൽഹിയിൽ തങ്ങിയ നിതീഷ് കുമാർ യെച്ചൂരിക്കു പുറമെ ബിഹാർ മഹാസഖ്യത്തിന്‍റെ മറ്റു പങ്കാളികളായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ എന്നിവരെയും കണ്ടു.
എൻ.സി.പി നേതാവ് ശരദ് പവാർ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ഐ.എൻ.എൽ.ഡി നേതാവ് ഓം പ്രകാശ് ചൗതാല, ജനതദൾ-സെക്കുലർ നേതാവ് എച്ച്.ഡി. കുമാരസ്വാമി എന്നിവരുമായും നിതീഷ് ബന്ധം ഊഷ്മളമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.