വിഷമദ്യ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമില്ല, മദ്യപിക്കരുതെന്ന് അപേക്ഷിച്ചതാണ് -നിതീഷ്
text_fieldsപട്ന: ബിഹാറിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകില്ലെന്ന് ആവർത്തിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മദ്യപിക്കരുതെന്ന് ജനങ്ങളോട് അപേക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. സർക്കാർ നഷ്ടപരിഹാരം നൽകില്ലെന്ന് കഴിഞ്ഞ ദിവസവും അദ്ദേഹം പറഞ്ഞിരുന്നു. വിഷമദ്യ ദുരന്തത്തിൽ മരണ സംഖ്യ ഉയർന്നതോടെ നിതീഷിനെതിരെ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധമുണ്ടായി.
മദ്യപിച്ച് മരിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകില്ല. മദ്യപിക്കുകയും അതിന്റെ ഫലമായി ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നവർ സഹതാപവും നഷ്ടപരിഹാരവും അർഹിക്കുന്നില്ല. ഞങ്ങൾ അപേക്ഷിച്ചു, കുടിച്ചാൽ നിങ്ങൾ മരിക്കുമെന്ന്. മദ്യപാനത്തിന് അനുകൂലമായി സംസാരിക്കുന്നവർ നിങ്ങൾക്ക് ഒരു ഗുണവും കൊണ്ടുവരില്ല... - മുഖ്യമന്ത്രി പറഞ്ഞു.
മദ്യനിരോധനം നിലവിലുള്ള ബിഹാറിൽ, സരൺ ജില്ലയിലാണ് സംഭവമുണ്ടായത്. മരിച്ചവരുടെ എണ്ണം 50 കവിഞ്ഞതായാണ് റിപ്പോർട്ട്. കൂടുതൽ പേർ വിഷമദ്യം കുടിച്ചതായി സംശയിക്കുന്നുവെന്നും ഗ്രാമവാസികൾ സംഭവം പുറത്തുപറയാൻ മടിക്കുകയാണെന്നും മെഡിക്കൽ ഓഫിസർ പറയുന്നു.
2016 ഏപ്രിൽ മുതലാണ് സംസ്ഥാനത്ത് മദ്യവിൽപനയും ഉപയോഗവും നിതീഷ് കുമാർ സർക്കാർ നിരോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.