നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ബിഹാറിൽ വീണ്ടും എൻ.ഡി.എ സർക്കാർ
text_fieldsന്യൂഡൽഹി/പട്ന: മുന്നണി മാറ്റത്തിൽ റെക്കോഡിട്ട് ബിഹാർ മുഖ്യമന്ത്രിയായി ഒമ്പതാം തവണ സത്യപ്രതിജ്ഞ ചെയ്ത് ജനതാദൾ-യു നേതാവ് നിതീഷ് കുമാർ. ഒന്നര വർഷമായി മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായി പ്രവർത്തിച്ചുപോന്ന നിതീഷ് കുമാർ പൊടുന്നനെ ബി.ജെ.പി പക്ഷത്തേക്ക് കരണം മറിയുകയായിരുന്നു. ഞായറാഴ്ച രാവിലെ രാജി; വൈകീട്ട് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ.
ബി.ജെ.പി നേതാക്കളായ മുൻ സ്പീക്കർ വിജയ്കുമാർ സിൻഹ, സാമ്രാട്ട് ചൗധരി എന്നിവർക്ക് ഉപമുഖ്യമന്ത്രിപദം. ഇവർക്കൊപ്പം ബി.ജെ.പിയിലെ പ്രേംകുമാർ, ജനതാദൾ-യുവിലെ വിജയ്കുമാർ ചൗധരി, വിജേന്ദ്ര യാദവ്, സ്വരൺകുമാർ, മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി നയിക്കുന്ന ഹിന്ദുസ്ഥാൻ അവാം മോർച്ചയുടെ സന്തോഷ് കുമാർ സുമൻ, സ്വതന്ത്ര എം.എൽ.എ സുമിത് സിങ് എന്നിവരും ഗവർണർ രാജേന്ദ്ര ആർലേകർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.
മറ്റു മന്ത്രിമാരെ പിന്നീട് നിശ്ചയിക്കും. ബി.ജെ.പി അഖിലേന്ത്യ പ്രസിഡന്റ് ജെ.പി.നഡ്ഡ ഡൽഹിയിൽ നിന്നെത്തി ചടങ്ങിൽ പങ്കെടുത്തു. രാവിലെ ചേർന്ന ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗം വിജയ്കുമാർ സിൻഹയെ പാർലമെന്ററി പാർട്ടി നേതാവായും സാമ്രാട്ട് ചൗധരിയെ ഉപനേതാവായും തെരഞ്ഞെടുത്തിരുന്നു.
നിതീഷ് കുമാറിന്റെ കൂറുമാറ്റത്തിൽ പ്രതിഷേധമുയർത്തി രാഷ്ട്രീയ ജനതാദൾ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചു. കോൺഗ്രസ് വിട്ടുനിന്നു. ആർ.ജെ.ഡി, കോൺഗ്രസ്, ഇടതു പാർട്ടികൾ എന്നിവർ കൂടി ഉൾപ്പെട്ട മഹാസഖ്യവുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് ജനതാദൾ-യു ബി.ജെ.പി പാളയത്തിൽ എത്തിയത്. ദേശീയ പ്രതിപക്ഷ മുന്നണിയായ ഇൻഡ്യയുടെ പ്രധാനമന്ത്രി സ്ഥാനാർഥിത്വം കൊതിച്ച നീതിഷ്, അവിടെ കാര്യങ്ങൾ പന്തിയല്ലെന്ന വിശദീകരണത്തോടെയാണ് വീണ്ടും ബി.ജെ.പിയുടെ കുടക്കീഴിലേക്ക് നീങ്ങിയത്.
നീക്കുപോക്ക് ചർച്ചകൾ പൂർത്തിയാക്കി ബി.ജെ.പി എം.എൽ.എമാരുടെ പിന്തുണക്കത്ത് കിട്ടിയതിനു പിന്നാലെ ഞായറാഴ്ച രാവിലെ രാജ്ഭവനിലെത്തി നിതീഷ് കുമാർ ഗവർണർക്ക് രാജിക്കത്ത് കൈമാറി. ബി.ജെ.പി എം.എൽ.എമാരുടെ പിന്തുണക്കത്തുകൂടി കൈമാറി പുതിയ മന്ത്രിസഭ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ചു. ഇതോടെ വൈകീട്ട് അഞ്ചിന് രാജ്ഭവനിൽ സത്യപ്രതിജ്ഞക്ക് കളമൊരുങ്ങി. ജനതാദൾ-യു പിളർത്താൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന വിശദീകരണത്തോടെ ഒന്നര വർഷം മുമ്പാണ് നിതീഷ് കുമാർ മഹാസഖ്യ പിന്തുണ സ്വീകരിച്ച് ഇതേ രീതിയിൽ മുഖ്യമന്ത്രി സ്ഥാനം നിലനിർത്തിയത്.
243 അംഗ നിയമസഭയിൽ ജെ.ഡി-യുവിന് 44ഉം ബി.ജെ.പിക്ക് 78ഉം അംഗങ്ങളാണുള്ളത്. ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ നാലുപേരുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണ നിതീഷിനുണ്ട്. ആർ.ജെ.ഡിക്ക് 79 അംഗങ്ങളുണ്ട്. കോൺഗ്രസിന് 19ഉം ഇടത് പാർട്ടികൾക്ക് 16ഉം അംഗങ്ങളുമടക്കം 114 അംഗങ്ങളാണ് മഹാസഖ്യത്തിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.