ബിഹാറിൽ ബി.ജെ.പി വിരുദ്ധ സഖ്യം അധികാരത്തിൽ; നിതീഷ് കുമാർ എട്ടാംതവണയും മുഖ്യമന്ത്രി
text_fieldsപട്ന: ബിഹാർ മുഖ്യമന്ത്രിയായി ജെ.ഡി(യു) അധ്യക്ഷൻ നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എട്ടാംതവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയാകുന്നത്. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
ബി.ജെ.പിയെ ഭരണത്തിൽനിന്ന് പുറന്തള്ളിയാണ് ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവ ഉൾപ്പെട്ട മഹാസഖ്യം അധികാരത്തിലേറിയത്. ബി.ജെ.പി സഖ്യത്തിൽ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ സഖ്യം അവസാനിപ്പിച്ച് പ്രതിപക്ഷ ചേരിക്കൊപ്പം ചേരുകയായിരുന്നു.
ദേശീയതലത്തിൽ നിരാശബാധിച്ചുപോയ പ്രതിപക്ഷ നിരക്ക് കരുത്തു പകർന്ന അതിവേഗ രാഷ്ട്രീയ സംഭവവികാസങ്ങളാണ് ബിഹാറിൽ നടന്നത്. ഇനിയും വൈകിയാൽ ബി.ജെ.പി സ്വന്തം പാർട്ടിയെ വിഴുങ്ങുമെന്ന തിരിച്ചറിവാണ് നിതീഷ് കുമാറിനെ മുന്നണി മാറ്റത്തിലേക്ക് നയിച്ചത്. ബി.ജെ.പി ബന്ധം മുറിച്ചാൽ പിന്തുണക്കാമെന്ന് ആർ.ജെ.ഡിയും കോൺഗ്രസും ഇടതു പാർട്ടികളും വ്യക്തമാക്കിയതോടെ നിതീഷ് കുമാർ ചൊവ്വാഴ്ച വൈകീട്ട് നാലിന് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. ഇതോടെ പുതിയ മന്ത്രിസഭക്ക് വഴിയൊരുങ്ങുകയായിരുന്നു.
ബിഹാർ നിയമസഭയിൽ 242 അംഗങ്ങളാണ് ഇപ്പോഴുള്ളത്. കേവല ഭൂരിപക്ഷത്തിന് 122 പേരുടെ പിന്തുണ മതി. ആർ.ജെ.ഡി 79, ജെ.ഡി.യു 44, കോൺഗ്രസ് 19, സി.പി.ഐ-എം.എൽ 12, സി.പി.ഐ 2, സി.പി.എം 2 എന്നിങ്ങനെ 160 എം.എൽ.എമാരുടെ പിന്തുണയാണ് നിതീഷിനുള്ളത്. ബി.ജെ.പിക്ക് 77ഉം ഒപ്പമുള്ള ഹിന്ദുസ്ഥാനി അവാമി മോർച്ചക്ക് നാലും സീറ്റാണുള്ളത്.
നിതീഷ്-തേജസ്വി കൂട്ടുക്കെട്ട് ബിഹാറില്‍ ഇത് രണ്ടാം തവണയാണ് അധികാരത്തില്‍ വരുന്നത്. 2015-ലായിരുന്നു നിതീഷിന്റേയും തേജസ്വിയുടേയും നേതൃത്വത്തിലുള്ള ആദ്യ മഹാസഖ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്. 2017ൽ ആര്‍.ജെ.ഡിയുമായുള്ള സഖ്യം ഉപേക്ഷിച്ച നിതീഷ് ബി.ജെ.പിയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചതോടെ സഖ്യം പൊളിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.