ലോക്സഭ തെരഞ്ഞെടുപ്പ്: നിതീഷ് കുമാർ യു.പിയിൽ മത്സരിക്കും; പിന്തുണക്കുമെന്ന് അഖിലേഷ്
text_fieldsന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്ന ജെ.ഡി.യു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായി നിതീഷ് കുമാർ യു.പിയിൽ നിന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ട്. ഫുൽപൂർ മണ്ഡലത്തിൽ നിന്നാവും അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിടുക.
യു.പിയിലെ ഇഷ്ടമുള്ള ഏത് സീറ്റിൽ നിന്നും നിതീഷ് കുമാർ മത്സരിച്ചാലും പിന്തുണക്കുമെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് അറിയിച്ചതായാണ് വിവരം. നിരവധി ജനതാദൾ യുണൈറ്റഡ് പ്രവർത്തകർ നിതീഷ് ഫൂൽപുരിൽ നിന്നും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനതാദൾ പ്രസിഡന്റ് ലാലൻ സിങ് അദ്ദേഹം യു.പിയിൽ നിന്നും മത്സരിക്കുമെന്ന സൂചനകൾ നൽകിയിട്ടുണ്ട്. ഫൂൽപൂരിന് പുറമേ അംബേദ്കർ നഗർ, മിർസാപൂർ എന്നീ സീറ്റുകളിലും മത്സരിക്കുന്നതിനായി നിതീഷ് പരിഗണിക്കുന്നുവെന്ന വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്. നിതീഷ് കുമാർ മത്സരിക്കുമെന്ന വാർത്ത സ്ഥിരീകരിക്കാനോ നിഷേധിക്കാനോ താനില്ലെന്ന് പാർട്ടി പ്രസിഡന്റ് ലാൽ സിങ് പറഞ്ഞു. അദ്ദേഹം ഫൂൽപൂർ, അംബേദ്കർ നഗർ, മിർസാപൂർ മണ്ഡലങ്ങളിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുണ്ട്. നിലവിൽ പ്രതിപക്ഷ പാർട്ടികളുടെ ഐക്യമാണ് നിതീഷ് കുമാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ ലോക്സഭ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് യു.പി. ബി.ജെ.പിക്ക് യു.പിയിൽ 65 എം.പിമാരുണ്ട്. സംസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിന്നാൽ ബി.ജെ.പിയെ 20 സീറ്റിൽ ഒതുക്കാമെന്നാണ് കണക്കാക്കുന്നത്. നിതീഷ് കുമാർ മത്സരിക്കുമെന്ന് വാർത്തകൾ പുറത്തുവന്ന ഫൂൽപൂർ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിൽ നിന്നും 100 കിലോ മീറ്റർ മാത്രം അകലെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.