ബിഹാറിൽ മഹാസഖ്യ സർക്കാർ നാളെ; നിതീഷ് കുമാർ മുഖ്യമന്ത്രി, തേജസ്വി ഉപമുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: ഭരണം നഷ്ടപ്പെടാതെ ബിഹാറിൽ മുന്നണി ബന്ധം പൊളിച്ചടുക്കി മുഖ്യമന്ത്രി നിതീഷ് കുമാർ. ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ച് അദ്ദേഹം നയിക്കുന്ന ജനതാദൾ-യു പ്രതിപക്ഷ ചേരിക്കൊപ്പം. ഇതോടെ ബി.ജെ.പിയെ ഭരണത്തിൽനിന്ന് പുറന്തള്ളി ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവ ഉൾപ്പെട്ട മഹാസഖ്യം അധികാരത്തിൽ. ഇന്ന് ഉച്ച രണ്ടിന് നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായും രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും അധികാരമേൽക്കും.
ചൊവ്വാഴ്ച രാജിസമർപ്പിച്ച ശേഷം പുതിയ സർക്കാർ രൂപവത്കരിക്കാനുള്ള നിതീഷിന്റെ ആവശ്യം ഗവർണർ അംഗീകരിക്കുകയായിരുന്നു. എട്ടാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയാവുന്നത്. ദേശീയതലത്തിൽ നിരാശബാധിച്ചുപോയ പ്രതിപക്ഷ നിരക്ക് കരുത്തു പകർന്ന അതിവേഗ രാഷ്ട്രീയ സംഭവവികാസങ്ങളാണ് ബിഹാറിൽ നടന്നത്. ഇനിയും വൈകിയാൽ ബി.ജെ.പി സ്വന്തം പാർട്ടിയെ വിഴുങ്ങുമെന്ന തിരിച്ചറിവാണ് നിതീഷ് കുമാറിനെ മുന്നണി മാറ്റത്തിലേക്ക് നയിച്ചത്. ബി.ജെ.പി ബന്ധം മുറിച്ചാൽ പിന്തുണക്കാമെന്ന് ആർ.ജെ.ഡിയും കോൺഗ്രസും ഇടതു പാർട്ടികളും വ്യക്തമാക്കിയതോടെ നിതീഷ് കുമാർ ചൊവ്വാഴ്ച വൈകീട്ട് നാലിന് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. അതോടൊപ്പം നിതീഷിന്റെ നേതൃത്വത്തിൽ തന്നെ പുതിയ മന്ത്രിസഭക്ക് വഴിയൊരുങ്ങുകയും ചെയ്തു.
നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഇതുവരെ പ്രതിപക്ഷത്തിരുന്ന ആർ.ജെ.ഡിക്ക് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ സ്പീക്കർ പദവിയും ലഭിക്കും. കോൺഗ്രസിന് നാലു മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് സൂചന.
സമീപകാലത്ത് മഹാരാഷ്ട്രയിൽ സംഭവിച്ചതിൽനിന്ന് ഭിന്നമായി, ബി.ജെ.പിയുടെ തന്ത്രങ്ങൾ പൊളിച്ച് സ്വന്തം എം.എൽ.എമാരെ ഒപ്പം നിർത്താനും ഭരണത്തുടർച്ച ഉറപ്പാക്കാനും നിതീഷിന് സാധിച്ചു. പാർട്ടിയുടെ എം.പി-എം.എൽ.എമാർ എല്ലാവരും നിതീഷിനെ പിന്തുണച്ചു. ആർ.ജെ.ഡി, കോൺഗ്രസ്, ഇടതു പാർട്ടികൾ എന്നിവയുടെ പിന്തുണയുള്ളതിനാൽ നിയമസഭയിൽ കേവല ഭൂരിപക്ഷം തെളിയിക്കാനും പ്രയാസമില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കില്ലെന്ന് ആർ.ജെ.ഡി വ്യക്തമാക്കുകയും ചെയ്തു.
നിയമസഭയിൽ 242 അംഗങ്ങളാണ് ഇപ്പോഴുള്ളത്. കേവല ഭൂരിപക്ഷത്തിന് 122 പേരുടെ പിന്തുണ മതി. ആർ.ജെ.ഡി 79, ജെ.ഡി.യു 44, കോൺഗ്രസ് 19, സി.പി.ഐ-എം.എൽ 12, സി.പി.ഐ 2, സി.പി.എം 2 എന്നിങ്ങനെ 160 എം.എൽ.എമാരുടെ പിന്തുണക്കത്താണ് നിതീഷ് ഗവർണർക്ക് കൈമാറിയിട്ടുള്ളത്. ബി.ജെ.പിക്ക് 77ഉം ഒപ്പമുള്ള ഹിന്ദുസ്ഥാനി അവാമി മോർച്ചക്ക് നാലും സീറ്റാണുള്ളത്.
ചൊവ്വാഴ്ച ജെ.ഡി.യുവിന്റെയും ആർ.ജെ.ഡിയുടെയും എം.എൽ.എമാർ, മുതിർന്ന നേതാക്കൾ എന്നിവർ വെവ്വേറെ യോഗം ചേർന്നതോടെയാണ് കരുനീക്കങ്ങൾക്ക് പച്ചക്കൊടിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.