എല്ലാവരും പറഞ്ഞാൽ നിതീഷ് പ്രധാനമന്ത്രി സ്ഥാനാർഥിയാവും -ജെ.ഡി.യു
text_fieldsന്യൂഡൽഹി: എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും സമ്മതമെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയാകുന്നതിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് വിരോധമൊന്നുമില്ലെന്ന് ജനതാദൾ -യു. 2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നതിലാണ് നിതീഷിന്റെ പ്രധാന ശ്രദ്ധയെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തനും ജെ.ഡി.യു പ്രസിഡന്റുമായ ലാലൻ സിങ് പറഞ്ഞു. അടുത്തയാഴ്ച ബിഹാർ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പാണ്. അതു കഴിഞ്ഞാൽ വിവിധ പാർട്ടി നേതാക്കളെ കാണാൻ നിതീഷ് ഡൽഹിയിലെത്തുമെന്നും ലാലൻ സിങ് പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിന് അവകാശവാദമൊന്നും ഉന്നയിക്കുന്നില്ല. എന്നാൽ, മറ്റു പാർട്ടികൾ നിതീഷ് വേണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ, അതും ഒരു സാധ്യതയാണ്. ബി.ജെ.പി സഖ്യം അവസാനിപ്പിച്ച് പ്രതിപക്ഷ പാർട്ടികൾക്കൊപ്പം ചേർന്ന നിതീഷിനെ ശരദ് പവാർ, അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർ വിളിച്ച് അഭിനന്ദിച്ചതായും ലാലൻ സിങ് പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചിരുന്ന് അടുത്ത തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടേണ്ട നേതാവ് ആരെന്ന് തീരുമാനിക്കണം. അതല്ലെങ്കിൽ എല്ലാ പാർട്ടികളും ബി.ജെ.പിയെ തോൽപിക്കാൻ ഒന്നിക്കണം. നേതാവാരെന്ന് പിന്നീട് തീരുമാനിക്കണം. രണ്ടു വഴികളും മുന്നിലുണ്ട്. ബി.ജെ.പിയെ നേരിടാൻ പാകത്തിൽ എല്ലാവരെയും ഒന്നിച്ച് അണിനിരത്താൻ നിതീഷ് പ്രവർത്തിക്കും. ബിഹാറിൽ കിട്ടുമായിരുന്ന 40 സീറ്റ് നഷ്ടപ്പെടുന്നതോടെ ബി.ജെ.പി നിലവിലെ സ്ഥിതിയിൽ കേവല ഭൂരിപക്ഷത്തിന് താഴെയാണെന്നും ലാലൻ സിങ് വിലയിരുത്തി. 2019ൽ 543 ലോക്സഭ സീറ്റിൽ ബി.ജെ.പി നേടിയത് 303 സീറ്റാണ്.
നിതീഷിനെ പുറത്താക്കണമെന്ന്; ഹൈകോടതിയിൽ ഹരജി
ന്യൂഡൽഹി: ബിഹാറിൽ വോട്ടർമാരെ വഞ്ചിച്ച് ആർ.ജെ.ഡിയുമായി സഖ്യമുണ്ടാക്കിയ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പട്ന ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി. നിതീഷിന്റെ നടപടി ഭരണഘടനക്കും പാർലമെന്ററി ജനാധിപത്യത്തിനും പരിക്കേൽപിക്കുന്നതാണെന്ന് ഹരജിയിൽ ആരോപിച്ചു. പട്നയിലെ സാമൂഹിക പ്രവർത്തക എന്നവകാശപ്പെട്ട് ധരംശീലയാണ് ഹരജി നൽകിയത്. അടുത്ത അഞ്ചു വർഷത്തേക്ക് ബിഹാറിലെ ജനങ്ങൾ അധികാരത്തിലേറ്റിയത് ജനതാദൾ യു-ബി.ജെ.പി സഖ്യത്തെയാണ്. അതിനാൽ രാഷ്ട്രീയ ജനതാദൾ, കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവയുമായി ജനതാദൾ-യു സഖ്യം ഉണ്ടാക്കിയത് ഭരണഘടനവിരുദ്ധമാണെന്ന് ഹരജിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.