'നീതീഷ് വീണ്ടും മുഖ്യമന്ത്രിയാകില്ലെന്ന് ഉറപ്പ് നൽകുന്നു' - ചിരാഗ് പാസ്വാൻ
text_fieldsഖജാരിയ (ബിഹാർ): ബിഹാറിൽ നീതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകില്ലെന്ന് ആവർത്തിച്ച് എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ ശേഷമായിരുന്നു പ്രതികരണം. ലോക് ജനശക്തി നേതാവായ ചിരാഗ് പസ്വാൻ ഒറ്റക്കാണ് മത്സരിക്കുന്നത.് എൽ.ജെ.പി പിന്തുണയോടെ ബി.ജെ.പി സർക്കാറുണ്ടാക്കുമെന്നും ചിരാഗ് പാസ്വാൻ വ്യക്തമാക്കിയിരുന്നു.
'നിതീഷ് മുക്തമായ ബിഹാറിനായി ജനങ്ങൾ അനുഗ്രഹം നൽകി. നവംബർ 10ന് ശേഷം നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരില്ലെന്ന് ഞാൻ നിങ്ങൾക്ക് രേഖാമൂലം ഉറപ്പുനൽകാം. എനിക്ക് ഇതിൽ യാതൊരു റോളുമില്ല. എെൻറ ആഗ്രഹം ബിഹാർ ആദ്യം, ബീഹാറി ആദ്യം എന്നുമാത്രം. നാലുലക്ഷം ബിഹാറികളുടെ നിർദേശങ്ങൾ അനുസരിച്ച് തയാറാക്കിയ ദർശന രേഖ അനുസരിച്ച് ജോലി ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' -ചിരാഗ് പാസ്വാൻ എ.എൻ.ഐയോട് പറഞ്ഞു.
സംസ്ഥാന സർക്കാറിനെ നിരന്തരം ട്വീറ്റുകളിലൂടെയും ചിരാഗ് പസ്വാൻ വിമർശിച്ചിരുന്നു. സംസ്ഥാനത്തിെൻറ തകർച്ചയെ തുടർന്ന് ബിഹാറിൽനിന്നാണെന്ന് പറയാൻ ബിഹാറിലെ ജനങ്ങൾ മടിക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു.
ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം നിതീഷ് കുമാർ ജി, തോൽവി ഭയം ആരിൽനിന്നും ഒളിച്ചുവെച്ചിട്ടില്ല. ജനങ്ങൾ അദ്ദേഹത്തെ നിരസിച്ചു. നിങ്ങളുടെ വോട്ടുകൾ പാഴാക്കരുതെന്ന് ഞാൻ അഭ്യർഥിക്കുന്നു. ബിഹാറിലെ മാറ്റത്തിനുവേണ്ടി ജനങ്ങൾ അനുഗ്രഹിച്ച് കഴിഞ്ഞു. നീതീഷില്ലാത്ത ബിഹാർ, ബിഹാർ ആദ്യം, ബീഹാറി ആദ്യം -ചിരാഗ് പസ്വാൻ ട്വീറ്റിൽ കുറിച്ചു.
കഴിഞ്ഞ 15 വർഷത്തിനിടെ ബിഹാർ കുപ്രസിദ്ധിയിൽനിന്ന് ദയനീയമായി മാറി. കുടിയേറ്റം, തൊഴിലില്ലായ്മ, വെള്ളപ്പൊക്കം തുടങ്ങിയവയിൽ യാതൊരു മാറ്റവും സംഭവിച്ചില്ല. അധ്യാപകരും വിദ്യാർഥികളുമടക്കം ഇരുട്ടിൽ ജീവിക്കുന്നു. ബിഹാറിൽനിന്നുള്ള കുടിയേറ്റ തൊഴിലാളികൾ സ്വയം ബിഹാറികളെന്ന് വിളിക്കാൻ പോലും മടികാണിക്കുന്നു. ജനാധിപത്യം അതിെൻറ വിധി മാറ്റാൻ അവസരം നൽകുന്നു -മറ്റൊരു ട്വീറ്റിൽ ചിരാഗ് പസ്വാൻ കുറിച്ചു.
'ബിഹാർ ഫസ്റ്റ്, ബീഹാറി ഫസ്റ്റ്' എന്ന മുദ്രാവാക്യമുയർത്തിയാണ് എൽ.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണം. സീതദേവിക്കായി ക്ഷേത്രം പണിയുമെന്നതാണ് പ്രധാന വാഗ്ദാനം. ഉത്തർപ്രദേശ് അയോധ്യയിലെ രാമക്ഷേത്രത്തേക്കാൾ വലിയ ക്ഷേത്രം സീതാമാർഹിയിൽ സീതക്കായി നിർമിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.