പ്രതിപക്ഷം ബഹിഷ്കരിച്ചു; നിതീഷ് വിശ്വാസ വോട്ട് നേടി, മൂന്ന് ആർ.ജെ.ഡി എം.എൽ.എമാർ മറുകണ്ടം ചാടി
text_fieldsപട്ന: രാഷ്ട്രീയ നിറംമാറ്റങ്ങൾക്കൊടുവിൽ മഹാസഖ്യം വിട്ട് എൻ.ഡി.എക്കൊപ്പം ചേർന്ന് ഒമ്പതാം തവണയും ബിഹാർ മുഖ്യമന്ത്രിയായ ജനതാദൾ (യു) നേതാവ് നിതീഷ് കുമാർ നിയമസഭയിൽ വിശ്വാസ വോട്ട് നേടി. പ്രതിപക്ഷ ബഹിഷ്കരണത്തിനുപിന്നാലെ നടന്ന വോട്ടെടുപ്പിൽ 243 അംഗ സഭയിലെ 129 പേർ നിതീഷിനെ പിന്തുണച്ചു (129-0). കേവല ഭൂരിപക്ഷത്തിന് 122 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. മൂന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) എം.എൽ.എമാർ എൻ.ഡി.എക്കൊപ്പം ചേർന്ന് നിതീഷിന് വോട്ട് ചെയ്തത് പ്രതിപക്ഷത്തിന് തിരിച്ചടിയായി.
2005നുമുമ്പുള്ള 15 വർഷ ഭരണകാലത്ത് ആർ.ജെ.ഡി വൻ അഴിമതി നടത്തിയെന്നും പുതിയ സർക്കാർ ഇതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും വിശ്വാസ വോട്ട് ചർച്ചയിൽ സംസാരിക്കവേ നിതീഷ് കുമാർ പ്രഖ്യാപിച്ചു. തന്റെ ഭരണനേട്ടങ്ങളുടെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് ആർ.ജെ.ഡി ശ്രമിച്ചത്. ബിഹാറിന്റെ വികസനത്തിനായി ലാലു, റാബ്റി സർക്കാറുകൾ ഒന്നും ചെയ്തില്ലെന്നും നിതീഷ് കുറ്റപ്പെടുത്തി.
നിതീഷ് കുമാറിനെ പിതാവിനെപ്പോലെയാണ് കണ്ടിരുന്നതെന്നും മഹാസഖ്യത്തെ വഞ്ചിച്ച് വീണ്ടും എൻ.ഡി.എക്കൊപ്പം ചേരാനുള്ള അദ്ദേഹത്തിന്റെ തീരുമാനം അത്ഭുതപ്പെടുത്തിയെന്നും ബഹിഷ്കരണത്തിന് മുമ്പുള്ള പ്രസംഗത്തിൽ ആർ.ജെ.ഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു. മോദിയുടെ ഗാരന്റിയെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്ന ബി.ജെ.പിക്ക് നിതീഷ് കുമാർ വീണ്ടും മലക്കംമറിയുമോയെന്ന കാര്യത്തിൽ വല്ല ഉറപ്പും ഉണ്ടോയെന്നും തേജസ്വി പരിഹസിച്ചു.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുപിന്നാലെ സ്പീക്കറെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയതിനാൽ ഡെപ്യൂട്ടി സ്പീക്കർ മഹേശ്വർ ഹസാരിയാണ് വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിച്ചത്. ആർ.ജെ.ഡി എം.എൽ.എമാരായ ചേതൻ ആനന്ദ്, നീലം ദേവി, പ്രഹ്ലാദ് യാദവ് എന്നിവർ ഭരണപക്ഷ ബെഞ്ചിലിരുന്നു. തേജസ്വി യാദവ് ക്രമപ്രശ്നം ഉന്നയിച്ചെങ്കിലും ഡെപ്യൂട്ടി സ്പീക്കർ പരിഗണിച്ചില്ല.
പ്രതിപക്ഷം ബഹിഷ്കരിച്ചതിനാൽ ശബ്ദവോട്ടോടെ വിശ്വാസ പ്രമേയം പാസാക്കി. ബി.ജെ.പിക്ക് 78, ജെ.ഡി.യുവിന് 45, ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചക്ക് നാല് സീറ്റുമാണ് ബിഹാർ നിയമസഭയിലുള്ളത്. ഒരു സ്വതന്ത്ര എം.എൽ.എയുടെ പിന്തുണയും സർക്കാറിനുണ്ട്. ആർ.ജെ.ഡി- കോൺഗ്രസ് പ്രതിപക്ഷ സഖ്യത്തിന് 114 സീറ്റാണുള്ളത്.
സ്പീക്കർ പുറത്ത്
പട്ന: ഭരണപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതിനെ തുടർന്ന് ബിഹാർ നിയമസഭ സ്പീക്കർ അവധ് ബിഹാരി ചൗധരി പുറത്ത്. പ്രമേയത്തിന് അനുകൂലമായി 125 പേർ വോട്ട് ചെയ്തപ്പോൾ 112 പേർ എതിർത്തു. നിതീഷ് കുമാർ എൻ.ഡി.എ പിന്തുണയോടെ മുഖ്യമന്ത്രിയായതു മുതൽ, ആർ.ജെ.ഡി നേതാവായ ചൗധരിക്കുമേൽ സ്ഥാനമൊഴിയാൻ സമ്മർദമുണ്ടായിരുന്നു. എന്നാൽ, അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. തുടർന്നാണ് നിയമസഭ സമ്മേളനത്തിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു പിന്നാലെ ബി.ജെ.പി എം.എൽ.എ നന്ദ്കിഷോർ യാദവ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.