മുസ്‍ലിം മന്ത്രി നിതീഷ് കുമാറിനൊപ്പം ക്ഷേത്രത്തിൽ; ഹിന്ദുക്കളെ പരിഹസിക്കാൻ ബോധപൂർവം ചെയ്തതെന്ന് ബി.ജെ.പി
text_fieldsപട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം അഹിന്ദുവായ മന്ത്രി ക്ഷേത്രത്തിൽ പ്രവേശിച്ചത് വിവാദമാക്കി ബി.ജെ.പി. സംഭവത്തിൽ നിതീഷ് കുമാർ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഗയയിലെ വിഷ്ണുപദ് ക്ഷേത്രത്തിലാണ് ഐ.ടി മന്ത്രി മുഹമ്മദ് ഇസ്രയിൽ മൻസൂരി പ്രവേശിച്ചത്. 100 വർഷമായി അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ല. 'അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു' എന്ന ബോർഡും ക്ഷേത്ര കവാടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. മൻസൂരിയടക്കമുള്ള നേതാക്കൾക്കൊപ്പം എത്തിയ ബിഹാർ മുഖ്യമന്ത്രി ക്ഷേത്രത്തിൽ പ്രാർഥന നടത്തിയിരുന്നു.
നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച ബിഹാർ ബി.ജെ.പി അധ്യക്ഷൻ എസ്. ജയ്‌സ്വാൾ, ഹിന്ദുക്കളെ ബോധപൂർവം പരിഹസിച്ചതിന് ബിഹാർ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ''ഗർഭഗൃഹത്തിനുള്ളിൽ അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന് അറിയാം. ഹിന്ദുക്കളെ പരിഹസിക്കാൻ ബോധപൂർവമാണ് അദ്ദേഹം അത് ചെയ്തത്. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. അദ്ദേഹം ഹിന്ദുക്കളോട് മാപ്പ് പറയണം," ജയ്‌സ്വാൾ ആവശ്യപ്പെട്ടു. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയതിന് നിതീഷ് കുമാർ മാപ്പ് പറയണമെന്ന് ബി.ജെ.പി വക്താവ് നിഖിൽ ആനന്ദും ആവശ്യപ്പെട്ടു.
വിഷ്ണുപദ് ക്ഷേത്ര ഭരണസമിതിയും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. സംഭവത്തിൽ രോഷം പ്രകടിപ്പിച്ച ക്ഷേത്ര കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ശംഭുലാൽ ബിത്തൽ, ബിഹാർ മുഖ്യമന്ത്രി അഹിന്ദുവുമായി എത്തുമെന്ന് തങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് പ്രതികരിച്ചു. ''ഞങ്ങൾ മൻസൂരിയെ തിരിച്ചറിഞ്ഞില്ല. കാര്യം അറിയാവുന്നവർ ഇത് തടയണമായിരുന്നു. ഇത് ബോധപൂർവം ചെയ്തതാണ്. മുമ്പ് നിരവധി വി.ഐ.പി അതിഥികളും മന്ത്രിമാരും വന്നിട്ടുണ്ട്, എന്നാൽ മുസ്‍ലിംകളോ ക്രിസ്ത്യാനികളോ വിഷ്ണുപദ് ക്ഷേത്രത്തിൽ പ്രവേശിച്ചിട്ടില്ല. തെറ്റ് ചെയ്തവർ മാപ്പ് പറയണം", ബിത്തൽ പറഞ്ഞു.
സന്ദർശക സംഘത്തിൽ ഒരു അഹിന്ദുവും ഉണ്ടാകുമെന്ന് അധികൃതർക്ക് മുൻകൂട്ടി അറിയിപ്പ് നൽകേണ്ടതായിരുന്നുവെന്ന് വിഷ്ണുപദ് ക്ഷേത്ര ഭരണസമിതി അംഗം മഹേഷ് ലാൽ ഗുപ്ത പറഞ്ഞു. "അവർ മുൻകൂട്ടി വിവരം നൽകിയിരുന്നെങ്കിൽ അഹിന്ദുക്കളുടെ പ്രവേശനം തടയുമായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം മറ്റ് മുസ്‍ലിം ഭാരവാഹികളും ഉണ്ടായിരുന്നെങ്കിലും അവർ അകത്ത് കടന്നില്ല. അഹിന്ദുക്കൾക്ക്, വിഷ്ണുപദ് ക്ഷേത്രത്തിൽ ഒരു നിയുക്ത സ്ഥലമുണ്ട്, അവിടെ നിന്നാണ് അവർക്ക് ക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നത്", ഗുപ്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.