യുവാക്കളെ വഴിതെറ്റിക്കുന്നു; സ്ട്രീമിങ് സേവനങ്ങൾ സെൻസർ ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് നിതീഷ് കുമാർ
text_fieldsപട്ന: സിനിമയും സീരിയലുകളും പ്രദർശിപ്പിക്കുന്ന സ്ട്രീമിങ് സേവനങ്ങൾ സെൻസർ ചെയ്യണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പേക്ഷകർ അനുചിതമായ ഉള്ളടക്കങ്ങൾ കാണാതിരിക്കാൻ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയിൽ വലിയ രീതിയിൽ പ്രചാരത്തിലുള്ള ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഹോട്സ്റ്റാർ തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ ഉദ്ദേശിച്ചാണ് നിതീഷ് കുമാർ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
ഇത്തരം സ്ട്രീമിങ്ങ് സേവനങ്ങൾ സെൻസർ ചെയ്തിട്ടില്ലെന്നും സബ്സ്ക്രൈബർമാർക്ക് ഏറെ വയലൻസും ലൈംഗികതയും വൃത്തികേടുമുള്ള ഉള്ളടക്കങ്ങൾ എളുപ്പം കാണാൻ അവ സഹായിക്കുന്നുവെന്നും കത്തിൽ പറയുന്നു. ഇത്തരം ഉള്ളടക്കം കാഴ്ചക്കാരുടെ മനസിനെ മോശമായി ബാധിക്കുന്നു. പ്രത്യേകിച്ച് കുട്ടികളുടെ. കൂടുതൽ നേരം അതുപോലുള്ള സിനിമകളും സീരീസുകളും കാണുന്നത് അത്ര നല്ലതല്ല. അത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ പോലെയുള്ള വലിയ സാമൂഹിക പ്രശ്നങ്ങളും ഉണ്ടാക്കുന്നുവെന്നും നിതീഷ് കുമാർ കത്തിൽ ചൂണ്ടിക്കാട്ടി.
പോൺ വെബ്സൈറ്റുകൾ നിരോധിക്കാനും ബിഹാർ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. യുവാക്കളുടെ മാനസിക ആരോഗ്യനിലയെ അത് കാര്യമായി ബാധിക്കുന്നതായും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഡി.ടി.എച്ച് സേവനങ്ങളേക്കാൾ ചീപ്പായ സ്ട്രീമിങ്ങ് സേവനം ആളുകളുടെ ഇടയിൽ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.
ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ സ്ട്രീം ചെയ്യുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ടുള്ള നിയമവ്യവസ്ഥകളെ കുറിച്ച് വ്യക്തത കുറവായതിനാൽ പരസ്യങ്ങൾ പോലുമില്ലാതെ സെൻസർ ചെയ്യാത്ത മോശം ഉള്ളടക്കങ്ങൾ ഉൾപെടുത്തിയുള്ള പ്രോഗ്രാമുകൾ പ്രദർശിപ്പിക്കുന്നു. ഇത്തരം സേവനങ്ങൾ സെൻസർ ചെയ്യാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ഉടൻതന്നെ സ്വീകരിക്കണമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.