അഗ്നിപഥ് പ്രതിഷേധം; നിതീഷ് കുമാറിന്‍റെ മൗനത്തിനെതിരെ ബി.ജെ.പി
text_fieldsപട്ന: കേന്ദ്ര സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം രൂക്ഷമാകുമ്പോൾ വിഷയം ബിഹാറിലെ ജനാദാതൾ യുനൈറ്റഡ് സർക്കാരും സഖ്യകക്ഷി ബി.ജെ.പിയും തമ്മിലുള്ള പരസ്യ ഏറ്റുമുട്ടലിലേക്ക് നയിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാർ കേന്ദ്രത്തിന്‍റെ പുതിയ പദ്ധതിക്ക് എതിരാണെന്ന് ജെ.ഡി.യു ദേശീയ അധ്യക്ഷൻ ലാലൻ സിങിന്‍റെയും പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളുടെയും പരസ്യ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണെന്ന് ബി.ജെ.പി ആരോപിച്ചു.
മുഖ്യമന്ത്രി വിഷയത്തിൽ മൗനം തുടരുന്നത് കാരണം ജെ.ഡി.യുവിന്‍റെ ചില നേതാക്കൾ ചേർന്ന് ബിഹാറിലെ പ്രതിഷേധങ്ങൾ ആളിക്കത്തിച്ചു. റെയിൽവേ സ്റ്റേഷനുൾപ്പടെയുള്ള സ്ഥലങ്ങൾ അക്രമിക്കുന്നതിലേക്ക് പ്രതിഷേധക്കാരെ നയിച്ചത് ഇതാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ബി.ജെ.പിയുടെ നിരവധി നേതാക്കളുടെ വീടുകളും ഓഫീസുകളും ആക്രമിക്കപ്പെട്ടു. അക്രമികൾക്കെതിരെ ബിഹാർ ഭരണകൂടം കണ്ണടച്ചുവെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ പരസ്യമായി ആരോപിച്ചിരുന്നു. മധേപുരയിൽ പൊലീസ് ഉദ്യോഗസ്ഥർ നോക്കി നിൽക്കെ പ്രതിഷേധക്കാർ ബി.ജെ.പി ഓഫീസ് അക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടു.
സംസ്ഥാനത്തെ അക്രമങ്ങൾക്കെതിരെ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും പ്രതിഷേധക്കാരെ നേരിടാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടെന്നുമാണ് ബി.ജെ.പിയുടെ മുഖ്യ പരാതി. പ്രതിഷേധക്കാരോട് ശാന്തമാകാനോ സമാധാന പരമായി സമരം നടത്തമമെന്നാവശ്യപ്പെട്ട് പ്രസ്താവനയിറക്കാനോ മുഖ്യമന്ത്രിക്ക് ഇനി അവകാശമില്ലെന്നും ബി.ജെ.പി ആരോപിച്ചു.
എന്നാൽ ജയ്സ്വാളിന്‍റെ ആരോപണങ്ങൾ ജെ.ഡി.യു ദേശീയ അധ്യക്ഷൻ ലാലൻ സിങ് തള്ളികളഞ്ഞു. മാനസിക സ്ഥിരത ഇല്ലാത്തതാണ് ബി.ജെ.പി നേതാവിന്‍റെ ആരോപണങ്ങൾക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിഹാറിൽ ജെ.ഡി.യുവും ബി.ജെ.പിയും തമ്മിലുള്ള സംഘർഷത്തിന്‍റെ അനന്തരഫലങ്ങൾ സംസ്ഥാനത്തെ സാധാരണക്കാരാണ് അനുഭവിക്കുന്നതെന്ന് കുറ്റപ്പെടുത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ഉൾപ്പടെയുള്ളവർ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.