അദ്വാനിയുടെ സംഭാവന മഹത്തരം -മോദി, നിതീഷ്
text_fieldsന്യൂഡൽഹി: രാഷ്ട്രനിർമാണത്തിൽ എൽ.കെ. അദ്വാനിയുടെ സംഭാവന മഹത്തരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.
എൽ.കെ അദ്വാനിക്ക് ഭാരതരത്ന നൽകുന്ന വിവരം പങ്കുവെക്കാൻ അതിയായ സന്തോഷമുണ്ടെന്ന് മോദി സമൂഹമാധ്യമമായ ‘എക്സി’ൽ കുറിച്ചു. ഈ കാലഘട്ടത്തിലെ ഏറ്റവും ആദരണീയരായ രാജ്യതന്ത്രജ്ഞരിൽ ഒരാളാണ് അദ്ദേഹം. ഇന്ത്യയുടെ വികസനത്തിന് നൽകിയ സംഭാവന മഹത്തരമാണ്. താഴെത്തട്ടിൽനിന്ന് തുടങ്ങി ഉപപ്രധാനമന്ത്രിവരെയായി രാജ്യസേവനം നടത്തിയ ജീവിതം. ആഭ്യന്തര മന്ത്രി, വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി തുടങ്ങിയ നിലകളിലും സ്തുത്യർഹമായി പ്രവർത്തിച്ചു. തികഞ്ഞ ഉൾക്കാഴ്ച നൽകുന്ന വിധമായിരുന്നു പാർലമെന്റിലെ പ്രവർത്തനം.
പതിറ്റാണ്ടുകൾ നീണ്ട അദ്വാനിയുടെ പൊതുജീവിതം സുതാര്യതയോടും സത്യനിഷ്ഠയോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതയുടേതാണ്. രാഷ്ട്രീയ മൂല്യങ്ങളിൽ സവിശേഷ നിലവാരമാണ് അതിലൂടെ മുന്നോട്ടുവെക്കപ്പെട്ടത്. ദേശീയ ഐക്യവും സാംസ്കാരിക നവോത്ഥാനവും ശക്തിപ്പെടുത്താൻ സമാനതകളില്ലാത്ത പ്രയത്നം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന് ഭാരതരത്ന സമ്മാനിക്കുന്നതു തന്നെ സംബന്ധിച്ച് വികാരനിർഭരമായ നിമിഷമാണ്. അദ്ദേഹവുമായി ഇടപഴകാനും പഠിക്കാനും ഒരുപാട് അവസരം കിട്ടിയത് വിശേഷ ഭാഗ്യമായി കരുതുന്നു -മോദി പറഞ്ഞു.
രാഷ്ട്രനിർമാണത്തിൽ അദ്വാനി നൽകിയ പ്രചോദനപരമായ സംഭാവന മറക്കാനാവില്ലെന്ന് ബി.ജെ.പി മുന്നണിയിലേക്ക് തിരിച്ചെത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. ഭാരതരത്ന നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ അദ്വാനിയെ വിളിച്ച് അഭിനന്ദനം അറിയിച്ചു. രാജ്യത്ത് ഏറ്റവും ആദരിക്കപ്പെടുന്ന രാഷ്ട്രീയനേതാവാണ് അദ്വാനി -നിതീഷ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.