സമവായമില്ലാതെ ഇൻഡ്യ കൺവീനറാകാനില്ലെന്ന് നിതീഷ്
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പ്രതിപക്ഷ പാർട്ടികളുടെ പൊതുവേദിയായ ഇൻഡ്യയുടെ അധ്യക്ഷനാക്കുന്നതിൽ യോഗത്തിൽ പങ്കെടുത്ത പാർട്ടികൾക്കെല്ലാം ഏകാഭിപ്രായമായിരുന്നെങ്കിലും കൺവീനറുടെ കാര്യത്തിൽ, ആ പദവി വേണ്ടെന്ന വാദഗതിയടക്കം പ്രശ്നങ്ങൾ ഉയർന്നു. എല്ലാവർക്കും നിതീഷ് സമ്മതനല്ലെന്നിരിക്കെ, പങ്കെടുക്കാത്ത പ്രമുഖ പാർട്ടികളുമായി കൂടിയാലോചന നടത്തിയശേഷം തീരുമാനിക്കാമെന്ന് നിശ്ചയിച്ചു.
സമവായമില്ലാതെ കൺവീനറാകാനില്ലെന്ന് നിതീഷ് കുമാറും അറിയിച്ചു. അതുകൊണ്ട് അധ്യക്ഷ, കൺവീനർ സ്ഥാനങ്ങളിൽ ഔപചാരിക പ്രഖ്യാപനം പിന്നീട്. ഇൻഡ്യ പാർട്ടികൾക്കിടയിൽ സീറ്റു ചർച്ച മെച്ചപ്പെട്ടനിലയിൽ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. സീറ്റ്, സ്ഥാനാർഥി ചർച്ചകളിലേക്ക് യോഗം കടന്നില്ല. സംയുക്ത പരിപാടികളെക്കുറിച്ച പ്രാഥമിക ചർച്ച നടന്നു. രാമക്ഷേത്ര പ്രതിഷ്ഠ ബി.ജെ.പി രാഷ്ട്രീയ പരിപാടിയാക്കുന്ന വിഷയം ഇൻഡ്യ പാർട്ടികൾ ഉയർത്തിക്കാട്ടും. ഭാരത് ജോഡോ യാത്രയിലേക്ക് എല്ലാ പാർട്ടികളെയും ഖാർഗെ ക്ഷണിച്ചു.
കൺവീനറെച്ചൊല്ലി ഇൻഡ്യയിൽ തർക്കമില്ലെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ പിന്നീട് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ ആരെയും നേതൃമുഖമായി ഉയർത്തിക്കാണിക്കേണ്ടതില്ല. ഫലം പുറത്തുവന്നിട്ട് നേതാവിനെ തിരഞ്ഞെടുക്കാവുന്നതേയുള്ളൂ.1977ൽ മൊറാർജി ദേശായിയെ പ്രതിപക്ഷം പ്രധാനമന്ത്രി മുഖമാക്കിയിരുന്നില്ല. പാർട്ടി നേതാക്കളുടെ ഒരു ടീം ഉണ്ടാക്കിയാൽ മതി, കൺവീനറുടെ ആവശ്യമില്ലെന്നാണ് നിതീഷ് കുമാർ യോഗത്തെ അറിയിച്ചതെന്നും പവാർ പറഞ്ഞു.
മറ്റു തിരക്കുകൾ മൂലം മുഴുസമയവും പവാർ യോഗത്തിൽ പങ്കെടുത്തില്ല. ഓൺലൈൻ യോഗം പോലെ ഓൺലൈൻ സഖ്യം മാത്രമാണ് ഇൻഡ്യയെന്നാണ് പ്രതിപക്ഷ നേതൃയോഗത്തെ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ പരിഹസിച്ചത്. കാണിച്ചു കൂട്ടൽ മാത്രമാണ് ഐക്യം. കുടുംബവും വസ്തുവകകളുമെന്ന ഇരട്ട അജണ്ടയാണ് അതിലെ നേതാക്കൾക്കെന്നും നഡ്ഡ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.