നിതീഷ്കുമാർ വിശ്വാസവോട്ട് നേടി; 131 എം.എൽ.എമാരുടെ പിന്തുണ
text_fieldsന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബി.ജെ.പി പിന്തുണയോടെ നിയമസഭയിൽ അനായാസം വിശ്വാസവോട്ട് നേടി. 243 അംഗ സഭയിൽ നിതീഷിന് അനുകൂലമായി 131 വോട്ടും എതിർത്ത് 108 വോട്ടുമാണ് രേഖപ്പെടുത്തിയത്. ജനതാദൾ-യുവിനെ ബി.ജെ.പി പാളയത്തിൽ തളച്ചതിനെതിരെ പാർട്ടിക്കുള്ളിൽ എതിർപ്പ് പുകയുേമ്പാൾ തന്നെയാണിത്. നിതീഷ് വിശ്വാസവോട്ട് നേടിയെങ്കിലും, ഭാവി നടപടി എന്തായിരിക്കണമെന്ന് ആലോചിച്ചുവരുകയാണ് ശരദ് യാദവ് പക്ഷം.
വ്യാഴാഴ്ചയാണ് മുഖ്യമന്ത്രിയായി നിതീഷ്കുമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് സുശീൽകുമാർ മോദിയും അധികാരമേറ്റു. ഒറ്റ ദിവസത്തിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവർണർ കേസരിനാഥ് ത്രിപാഠി നിർദേശിച്ചിരുന്നത്. അതനുസരിച്ചാണ് വെള്ളിയാഴ്ച വിശ്വാസവോെട്ടടുപ്പ് നടന്നത്.
മഹാസഖ്യം പിളർത്തി രാജിവെച്ച നിതീഷ്കുമാർ ബി.ജെ.പി പിന്തുണയോടെ പുതിയ മന്ത്രിസഭ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചപ്പോൾ 132 എം.എൽ.എമാരുടെ പിന്തുണയാണ് അവകാശപ്പെട്ടത്. അതിൽനിന്ന് ഒരു വോട്ട് കുറഞ്ഞു. എതിർപക്ഷത്ത് ആ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ജനതാദൾ-യു 71, ബി.ജെ.പി 53, ആർ.എൽ.എസ്.പി രണ്ട്, എൽ.ജെ.പി രണ്ട്, എച്ച്.എ.എം ഒന്ന്, സ്വതന്ത്രർ മൂന്ന് എന്നിങ്ങനെ തനിക്ക് പിന്തുണയുണ്ടെന്നാണ് നിതീഷ് ഗവർണർക്ക് നൽകിയ കത്തുകളിൽ വ്യക്തമാക്കിയിരുന്നത്. മഹാസഖ്യത്തിൽ ബാക്കിയുള്ള കക്ഷികളായ ആർ.ജെ.ഡിക്ക് 80ഉം കോൺഗ്രസിന് 27ഉം സീറ്റാണുള്ളത്. ഇതിനു പുറമെ ഒരു വോട്ട് ലഭിച്ചത് ഏതു പാർട്ടിയിൽ നിന്നാണെന്ന് വ്യക്തമല്ല. കസേരക്ക് വേണ്ടി രാഷ്ട്രീയം കളിക്കുന്ന ‘കുർസി കുമാർ’ എന്ന് നിതീഷിന് പേരിട്ടുകൊണ്ടാണ് ആർ.ജെ.ഡി നിയമസഭയിൽ പുതിയ ഭരണചേരിയെ നേരിട്ടത്. ഇങ്ങനെ നിറംമാറാൻ നിതീഷിന് നാണമില്ലേയെന്ന് 40 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ചോദിച്ചു. അവസരവാദമാണ് നിതീഷിേൻറത്.
മതേതരത്വം ആദർശമാണെന്നും അഴിമതി മൂടിവെക്കാനുള്ള ഒന്നല്ല അതെന്നുമുള്ള പരാമർശത്തോടെയാണ് മഹാസഖ്യത്തെ മുഖ്യമന്ത്രി നിതീഷ്കുമാർ നേരിട്ടത്. വികസനത്തിനുവേണ്ടിയാണ് ജനവിധി. അഴിമതി കണ്ടുകൊണ്ടിരിക്കാൻ തനിക്ക് കഴിയില്ല. ഏതെങ്കിലും കുടുംബത്തെയല്ല, ജനങ്ങളെയാണ് സേവിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.