യുക്രെയ്ൻ വിദ്യാർഥികൾക്ക് കോളജ് മാറി പഠിക്കാം
text_fieldsന്യൂഡൽഹി: യുക്രെയ്നിൽ നിന്ന് മടങ്ങേണ്ടിവന്ന മെഡിക്കൽ വിദ്യാർഥികൾക്ക് ലോകത്ത് എവിടെയുമുള്ള കോളജുകളിലേക്ക് മാറി പഠനം തുടരാൻ ഇന്ത്യൻ മെഡിക്കൽ കമീഷന്‍റെ അനുമതി. കോഴ്സിന്‍റെ ഇടക്ക് പഠിക്കുന്ന രാജ്യം മാറാൻ വിദേശത്തെ ഇന്ത്യൻ വിദ്യാർഥികൾക്ക് ഇതുവരെ അനുമതി ഉണ്ടായിരുന്നില്ല. എന്നാൽ യുക്രെയ്നിൽ പഠിക്കുന്നവർ അക്കാദമിക് മൊബിലിറ്റി പ്രോഗ്രാം തെരഞ്ഞെടുക്കുന്നതിൽ എതിർപ്പില്ലെന്ന് നാഷനൽ മെഡിക്കൽ കമീഷൻ വ്യക്തമാക്കി. എന്നാൽ 2002ലെ മറ്റെല്ലാ സ്ക്രീനിങ് ടെസ്റ്റ് നിയന്ത്രണ-മാനദണ്ഡങ്ങളും പൂർത്തീകരിക്കണം.
ഒരേ വിദേശ മെഡിക്കൽ സ്ഥാപനത്തിൽ തന്നെ കോഴ്സ്, പരിശീലനം, ഇന്‍റേൺഷിപ് എന്നിവ പൂർത്തിയാക്കണമെന്നാണ് ഇതുവരെയുള്ള ചട്ടം. വിദേശകാര്യ മന്ത്രാലയവുമായി നടത്തിയ ചർച്ചക്കുശേഷമാണ് യുക്രെയ്ൻ മുന്നോട്ടുവെച്ച അക്കാദമിക് മൊബിലിറ്റി പ്രോഗ്രാം കമീഷൻ പരിഗണിച്ചതെന്ന് കമീഷൻ വിശദീകരിച്ചു. മറ്റു സർവകലാശാലകളിലേക്ക് മാറാനുള്ള താൽക്കാലിക ക്രമീകരണമാണിത്. എന്നാൽ ഡിഗ്രി നൽകുന്നത് യുക്രെയ്നിലെ സർവകലാശാല തന്നെയായിരിക്കും.
യുക്രെയ്ൻ സാഹചര്യങ്ങൾക്കിടയിൽ സ്വന്തം നാട്ടിലിരുന്ന് ഓൺലൈനായി വിദ്യാർഥികൾ പഠനം തുടരുന്നുണ്ട്. നാഷനൽ മെഡിക്കൽ കമീഷൻ തിയറി ക്ലാസുകൾ മാത്രമാണ് ഇതിന് അംഗീകരിക്കുക. മെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെ ഗണ്യമായ ഭാഗവും പ്രായോഗിക പരിശീലനമാണ്. അതുകൊണ്ട് യുക്രെയിനിൽ നിന്ന് തിരിച്ചെത്തിയവർ ബദൽ മാർഗങ്ങൾ അന്വേഷിച്ചു വരുകയായിരുന്നു.
യുക്രെയിനിൽ നിന്ന് മടങ്ങേണ്ടി വന്ന വിദ്യാർഥികൾക്ക് ഇന്ത്യയിലെ മെഡിക്കൽ കോളജുകളിൽ പഠനം തുടരാൻ അവസരം നൽകണമെന്ന ആവശ്യത്തിൽ പക്ഷേ, നാഷനൽ മെഡിക്കൽ കമീഷനോ ആരോഗ്യ മന്ത്രാലയമോ തീരുമാനമെടുത്തിട്ടില്ല. ഹരജിയുമായി വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയുമാണ്. കേസ് 15ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.