എൻ.ആർ.സിക്ക് അപേക്ഷിച്ചില്ലെങ്കിൽ ആധാർ കാർഡിനുള്ള അപേക്ഷകൾ നിരസിക്കും -അസം സർക്കാർ
text_fieldsഗുവാഹത്തി: അപേക്ഷകനോ കുടുംബമോ ദേശീയ പൗരത്വ രജിസ്റ്ററിൽ (എൻ.ആർ.സി) ഉൾപ്പെടാൻ അപേക്ഷിച്ചിട്ടില്ലെങ്കിൽ ആധാർ കാർഡ് ലഭിക്കുന്നതിനുള്ള എല്ലാ അപേക്ഷകളും നിരസിക്കപ്പെടുമെന്ന് അസം സർക്കാർ. പ്രശ്‌നബാധിതരായ ബംഗ്ലാദേശിലെ പൗരന്മാരുടെ നുഴഞ്ഞുകയറ്റ ശ്രമം കണക്കിലെടുത്താണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
"കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി നുഴഞ്ഞുകയറ്റക്കാരെ അസം പൊലീസും ത്രിപുര പൊലീസും ബി.എസ്.എഫും പിടികൂടിയിട്ടുണ്ട്. അതുകൊണ്ടാണ് ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം ആശങ്കയുണ്ടാക്കുന്നത്. അതുകൊണ്ടാണ് ആധാർ കാർഡ് കർശനമാക്കാൻ ഞങ്ങൾ തീരുമാനിച്ചത്" -അദ്ദേഹം പറഞ്ഞു.
ഇനി മുതൽ, ആധാർ അപേക്ഷകരുടെ വെരിഫിക്കേഷൻ നടത്തുന്നതിനുള്ള നോഡൽ ഏജൻസി സംസ്ഥാന സർക്കാറിന്‍റെ പൊതുഭരണ വകുപ്പായിരിക്കുമെന്നും എല്ലാ ജില്ലകളിലും ഒരു അഡീഷണൽ ജില്ലാ കമീഷണർ ബന്ധപ്പെട്ട വ്യക്തിയായിരിക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം ശർമ പറഞ്ഞു.
പ്രാരംഭ അപേക്ഷക്ക് ശേഷം, യുനീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) അത് സംസ്ഥാന സർക്കാറിന് പരിശോധനക്കായി അയക്കും. അപേക്ഷകരോ മാതാപിതാക്കളോ കുടുംബമോ എൻ.ആർ.സിയിൽ ഉൾപ്പെടുത്താൻ അപേക്ഷിച്ചിട്ടുണ്ടോ എന്ന് ആദ്യം ലോക്കൽ സർക്കിൾ ഓഫിസർ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ.ആർ.സിക്ക് അപേക്ഷ ഇല്ലെങ്കിൽ, ആധാർ അപേക്ഷ ഉടൻ നിരസിക്കുമെന്നും അതനുസരിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എൻ.ആർ.സിക്ക് അപേക്ഷയുണ്ടെന്ന് കണ്ടെത്തിയാൽ, സുപ്രീം കോടതി നിർദ്ദേശപ്രകാരം ഫീൽഡ് ലെവൽ വെരിഫിക്കേഷൻ നടത്തും. ഉദ്യോഗസ്ഥന് പൂർണമായി ബോധ്യപ്പെട്ടതിന് ശേഷം ആധാറിന് അംഗീകാരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരും എൻ.ആർ.സിക്ക് അപേക്ഷിക്കാത്തവരുമായ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഈ പുതിയ നിർദ്ദേശം ബാധകമാകില്ലെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.