കൂട്ട ബലാത്സംഗ പരാതിയിൽ നടപടിയില്ല; ജെ.എൻ.യുവിൽ വിദ്യാർഥിനിയുടെ അനിശ്ചിതകാല സമരം
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽ നാല് പേർക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ അധികാരികൾ നടപടിയെടുക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി കാമ്പസിന്റെ പ്രധാന ഗേറ്റിൽ അനിശ്ചിതകാല സമരം തുടങ്ങി.
മാർച്ച് 31ന് രാത്രി കാമ്പസിൽ വെച്ച് രണ്ട് മുൻ വിദ്യാർഥികളടക്കം നാലുപേർ തന്നെ ലൈംഗികമായി ഉപദ്രവിച്ചതായാണ് പെൺകുട്ടിയുടെ പരാതി. സംഭവത്തിൽ സർവകലാശാല അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
എന്നാൽ, പ്രതികൾ സ്വതന്ത്രരായി നടക്കുകയാണെന്ന് പരാതിക്കാരി ആരോപിക്കുന്നു.
നീതി ആവശ്യപ്പെട്ട് ആദ്യത്തെ പരാതി നൽകിയിട്ട് 30ലേറെ മണിക്കൂറായിട്ടും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് വിദ്യാർഥിനി പറയുന്നു. അതേസമയം, നടപടിക്രമങ്ങൾ തുടരുകയാണെന്നും പൂർത്തീകരിക്കാൻ സമയമെടുക്കുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു.
പുലർച്ചെ രണ്ട് മണിയോടെ പരാതിക്കാരിയും സുഹൃത്തും ജെ.എൻ.യു റിങ് റോഡിനു സമീപം നടക്കുന്നതിനിടെയാണ് അതിക്രമം ഉണ്ടായതെന്ന് സർവകലാശാല ഉദ്യോഗസ്ഥൻ പറഞ്ഞു.
നേരത്തെ ഇവിടെനിന്ന് ബിരുദം പൂർത്തിയാക്കിയ രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ നാലുപേർ ഇവരെ കാറിൽ പിന്തുടരുകയും വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതികളായ രണ്ട് മുൻ വിദ്യാർഥികളടക്കം നാലുപേരും ആർ.എസ്.എസുമായി ബന്ധമുള്ള എ.ബി.വി.പി പ്രവർത്തകരാണെന്ന് ഇടതുപക്ഷ നേതൃത്വത്തിലുള്ള വിദ്യാർഥി യൂനിയൻ ആരോപിച്ചു. അതേസമയം, ആരോപണം എ.ബി.വി.പി നേതൃത്വം നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.