പതഞ്ജലിക്കെതിരെ നടപടിയെടുത്തില്ല; ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റിക്ക് സുപ്രീംകോടതി വിമർശനം
text_fieldsന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന്റെ പേരിൽ പതഞ്ജലി ആയുർവേദ ലിമിറ്റഡിനെതിരെ നടപടിയെടുക്കാതിരുന്ന ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. അതോറിറ്റി നൽകിയ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, ഏപ്രിൽ 10ലെ കോടതി ഉത്തരവിന് ശേഷമാണ് നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാൻ അതോറിറ്റി തയാറായതെന്നും ചൂണ്ടിക്കാട്ടി. എന്തെങ്കിലും ദയ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കോടതിയോട് ആത്മാർഥത കാണിക്കണമെന്ന് ജസ്റ്റിസുമാരായ ഹിമ കോലി, അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേസ് തുടർവാദം കേൾക്കുന്നതിന് മേയ് 14ലേക്ക് മാറ്റി.
അതിനിടെ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന കേസിൽ ബാബ രാംദേവും സഹായി ബാലകൃഷ്ണയും പതഞ്ജലി ആയുർവേദ ലിമിറ്റഡും പത്രങ്ങളിൽ പ്രസിദ്ധീകരിച്ച നിരുപാധിക മാപ്പപേക്ഷയിൽ ‘ശ്രദ്ധേയ പുരോഗതിയുണ്ടായതിൽ സുപ്രീംകോടതി തൃപ്തി പ്രകടിപ്പിച്ചു.
മാപ്പപേക്ഷയിലെ ഭാഷ തൃപ്തികരമാണെന്നും ബന്ധപ്പെട്ടവരുടെ പേരുകൾ അതിലുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ആദ്യം മാപ്പപേക്ഷ പ്രസിദ്ധീകരിച്ചപ്പോൾ കമ്പനിയുടെ പേര് മാത്രമാണുണ്ടായിരുന്നതെന്നും ഇപ്പോൾ എല്ലാവരുടെയും പേര് ഉൾപ്പെടുത്തിയെന്നും ജസ്റ്റിസ് അമാനുള്ള പറഞ്ഞു. ഇത് കാര്യമായ പുരോഗതിയാണ്. ഒടുവിൽ അവർ വസ്തുത മനസ്സിലാക്കിയിരിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി നിർദേശങ്ങൾക്കനുസരിച്ച് ആദ്യ പരസ്യം നൽകാതിരുന്നതിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതേതുടർന്നാണ് രണ്ടാമത് പരസ്യം നൽകിയത്.
ജി.എസ്.ടി കുടിശ്ശിക: പതഞ്ജലി ഫുഡ്സിന് നോട്ടീസ്
ന്യൂഡൽഹി: 27.46 കോടി രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തിരിച്ചുപിടിക്കാതിരിക്കാൻ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പതഞ്ജലി ഫുഡ്സിന് ജി.എസ്.ടി ഇന്റലിജൻസ് വകുപ്പിന്റെ നോട്ടീസ്. ചണ്ഡിഗഢ് സോണൽ യൂനിറ്റാണ് നോട്ടീസ് അയച്ചത്. കമ്പനിയുടെ വാദങ്ങൾ അധികൃതർക്ക് മുമ്പാകെ അവതരിപ്പിക്കുമെന്ന് പതഞ്ജലി ഫുഡ്സ് അറിയിച്ചു. 1986ൽ പ്രവർത്തനമാരംഭിച്ച പതഞ്ജലി ഫുഡ്സ് (മുമ്പ് രുചി സോയ) എഫ്.എം.സി.ജി രംഗത്തെ പ്രമുഖരാണ്. പാപ്പരത്വ നടപടികളിലൂടെ രുചി സോയയെ ഏറ്റെടുത്ത പതഞ്ജലി ആയുർവേദ് പിന്നീട് പതഞ്ജലി ഫുഡ്സ് എന്ന് പേര് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.