പാകിസ്താൻ സിയാചിനിൽ വിമാനം പറത്തിയെന്ന്; നിഷേധിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: സിയാചിൻ ഹിമാനിക്ക് മുകളിലൂടെ പാകിസ്താൻ പോർവിമാനങ്ങളുടെ യുദ്ധപരിശീലനം നടന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക് വ്യോമസേന തലവൻെറ നേതൃത്വത്തിലാണ് പരിശീലനം നടന്നത്. എന്നാൽ, തങ്ങളുടെ വ്യോമമേഖലയിൽ യാതൊരുവിധ കടന്നുകയറ്റവും ഉണ്ടായിട്ടില്ലെന്ന് ഇന്ത്യൻ വ്യോമസേന വൃത്തങ്ങൾ വ്യക്തമാക്കി.
പാക് വ്യോമസേനയുടെ പോർവിമാനങ്ങൾ സിയാചിനിൽ പറന്നതായി സാമ ടി.വിയാണ് റിപ്പോർട്ട് ചെയ്തത്. പാകിസ്താനിലെ സ്കാർദുവിലുള്ള ഖാദ്രി എയർബേസിൽ നിന്നുമാണ് പോർവിമാനങ്ങൾ പറന്നത്. യുദ്ധപരിശീലനം കാണുന്നതിനായി പാക് വ്യോമസേന തലവൻ സൊഹൈൽ അമൻ എത്തിയിരുന്നു. ഇവിടെ നിന്നാണ് മിറാഷ് പോർവിമാനങ്ങളിൽ സിയാചിൻ മേഖലയിൽ എത്തിയതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക് വ്യോമസേന തലവൻ വിമാനം പറത്തിയെന്നും റിപ്പോർട്ടുണ്ട്.
ഏതൊരു ഇന്ത്യൻ കൈയ്യേറ്റത്തിനുമുള്ള നമ്മുടെ പ്രതികരണം അവരുടെ വരും തലമുറ പോലും ഓർക്കുമെന്നും ശത്രുവിൻെറ പ്രസ്താവനയിൽ രാജ്യം വിഷമിക്കേണ്ടതില്ലെന്നും സൊഹൈൽ അമൻ പറഞ്ഞതായി റിപ്പോർട്ടുണ്ട്. മിറാഷ് പോർവിമാനത്തിൻെറ പൈലറ്റുമായും സാങ്കേതിക ജീവനക്കാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഉന്നത സൈനിക വൃത്തങ്ങളും അദ്ദേഹത്തോടൊപ്പം ബേസ് സന്ദർശിച്ചതായാണ് ലഭിക്കുന്ന വിവരം.
കശ്മീരിൻെറ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സിയാച്ചിൻ ഇരുരാജ്യങ്ങളുടെയും തന്ത്രപ്രധാന മേഖലയാണ്. ചൊവ്വാഴ്ച കശ്മീരിലെ നൗഷേരയിലെ പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യ ബോംബിട്ട് തകർക്കുകയും ഇതിൻറെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വിടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.