കോൺഗ്രസുമായി സഖ്യമില്ല; ഹരിയാനയിൽ ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് എ.എ.പി
text_fieldsചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഒറ്റക്ക് മത്സരിക്കും. 20 സ്ഥാനാർഥികളുടെ പട്ടിക പാർട്ടി പുറത്തു വിട്ടു. സീറ്റ് വിഭജനത്തിൽ കോൺഗ്രസ് നിലപാട് മയപ്പെടുത്താത്തതാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കാരണം. വൈകുന്നേരത്തോടെ അന്തിമ തീരുമാനം ആയില്ലെങ്കിൽ 90 സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് എ.എ.പിയുടെ സംസ്ഥാന ഘടകം മേധാവി സുശീൽ ഗുപ്ത വ്യക്തമാക്കിയിരുന്നു.
എ.എ.പി പത്തുസീറ്റുകൾ ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റ് നല്‍കാമെന്നാണ് അറിയിച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും സുശീല്‍ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഗുപ്തയും ജനറൽ സെക്രട്ടറി (സംഘടന) സന്ദീപ് പഥക്കും ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളും സ്ഥാനാർഥി നിർണയ പ്രക്രിയ പൂർത്തിയായെന്ന് പറഞ്ഞതായും കെജ്രിവാളിൽ നിന്ന് അനുമതി ലഭിച്ചാലുടൻ പുറത്തുവിടുമെന്നും മുതിർന്ന നേതാവ് സഞ്ജയ് സിങും പറഞ്ഞു.
ഹരിയാന തെരഞ്ഞെടുപ്പിനായി ഇരു പാർട്ടികളും തങ്ങളുടെ വ്യക്തിപരമായ അഭിലാഷങ്ങൾ മാറ്റിവച്ച് സഖ്യം രൂപീകരിക്കാൻ ശ്രമിക്കുകയാണെന്ന് എ.എ.പി നേതാവ് രാഘവ് ചദ്ദ ഞായറാഴ്ച പറഞ്ഞു. സഖ്യം സംബന്ധിച്ച് പാർട്ടികൾ ഇതുവരെ സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ചർച്ചകൾ "പോസിറ്റീവ്" ദിശയിലാണ് പുരോഗമിക്കുന്നതെന്നും നല്ല ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഛദ്ദ പറഞ്ഞു. എന്നിരുന്നാലും, വിജയ സാഹചര്യമില്ലെങ്കിൽ എ.എ.പി സഖ്യവുമായി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഹരിയാന തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 12. വോട്ടെടുപ്പ് ഒക്ടോബർ 5 ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.