കോൺഗ്രസുമായി സഖ്യത്തിനില്ല -സി.പി.എം
text_fieldsന്യൂഡൽഹി: ബി.ജെ.പിയെയും കോൺഗ്രസിനെയും തുല്യ അപകടകാരികളായി കാണാൻ പറ്റില്ലെങ്കിലും അധികാരവർഗ താൽപര്യമുള്ള നവലിബറൽ നയക്കാരായ കോൺഗ്രസുമായി രാഷ്ട്രീയസഖ്യം സാധ്യമല്ലെന്ന് സി.പി.എം 23ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം.
ബി.ജെ.പിയെ പരാജയപ്പെടുത്തലാണ് പാർട്ടിയുടെ മുഖ്യലക്ഷ്യം. ദുർബലരായ കോൺഗ്രസിന് പ്രതിപക്ഷ മതേതര പാർട്ടികളെ അണിനിരത്താൻ ശേഷിയില്ല. മതേതര പാർട്ടി എന്ന് അവകാശപ്പെടുന്ന കോൺഗ്രസ്, ഹിന്ദുത്വ ശക്തികളുമായി വിട്ടുവീഴ്ച ചെയ്യുന്നതാണ് കാണുന്നതെന്നും കരട് പ്രമേയത്തിൽ വിശദീകരിച്ചു. ഹൈദരാബാദിൽ നടന്ന കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് പ്രമേയം വെള്ളിയാഴ്ച പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പരസ്യപ്പെടുത്തിയത്.
വര്‍ഗീയതയ്ക്കും ഹിന്ദുത്വ അജൻഡയ്ക്കുമെതിരെ ശക്തമായ പോരാട്ടം നടത്തണം. ഒത്തുതീര്‍പ്പിലെത്തിയ വിഷയങ്ങളില്‍ പാര്‍ലമെന്റിൽ മതേതര പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം നിൽക്കും. പാര്‍ലമെന്റിന് പുറത്ത് വര്‍ഗീയ അജന്‍ഡകള്‍ക്കെതിരെ മറ്റു മതേതര ശക്തികള്‍ക്കൊപ്പം നില്ക്കും. ജമാഅത്തെ ഇസ്ലാമി, പോപുലർ ഫ്രണ്ട് സംഘടനകളും അവരുടെ രാഷ്ട്രീയ സംഘടനകളും ന്യൂനപക്ഷ സമുദായത്തിന്റെ അരക്ഷിതാവാസ്ഥ ഉപയോഗപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഹിന്ദുത്വ ശക്തികളെയാണ് സഹായിക്കുന്നത്. ഹിന്ദുത്വത്തിനെതിരെയുള്ള പോരാട്ടത്തിനൊപ്പം നവലിബറൽ നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിനും ജനങ്ങളെ അണിനിരത്തണം.
ദേശീയ ആസ്തി വിൽപന, സ്വകാര്യവത്കരണം തുടങ്ങിവക്കെതിരെ കർഷക സമര മാതൃകയിൽ ജനത്തെ അണിനിരത്തണം. ബി.ജെ.പി സർക്കാർ എല്ലാ തലത്തിലും അമേരിക്കൻ സാമ്രാജ്യത്തിന് കീഴടങ്ങുന്നതിനെതിരെ വ്യാപക കാമ്പയിൻ സംഘടിപ്പിക്കും.
ഇസ്രായേൽ അധിനിവേശത്തിനെതിരെ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം നൽകും. ആഗോള ശക്തിയായി ചൈനയുടെ സ്വാധീനം വർധിക്കുന്നു.ചൈനയുമായുള്ള അതിര്‍ത്തി വിഷയങ്ങളില്‍ പാര്‍ട്ടി രാജ്യത്തെ സര്‍ക്കാറിനൊപ്പമാണ് നില്‍ക്കുന്നതെന്നും കരട് പ്രമേയത്തിൽ വിശദീകരിക്കുന്നു.
ബി.ജെ.പി സർക്കാർ മാധ്യമങ്ങളുടെ മേല്‍ കൂച്ചുവിലങ്ങിടുന്നത് പ്രതിരോധിക്കണം. തൊഴിലുറപ്പ് കൂലി വര്‍ധിപ്പിക്കണം. ദലിത്, ആദിവാസി, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരുടെ അവകാശ സംരക്ഷണം ഉറപ്പു വരുത്തണം.
പുതിയ വിദ്യാഭ്യാസ നയം പിന്‍വലിച്ച് ഭരണഘടന മൂല്യങ്ങളും ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള പാഠ്യപദ്ധതികളും ഉള്‍പ്പെടുത്തി നയം രൂപവത്കരിക്കണമെന്നും പ്രമേയം പറയുന്നു. ഏപ്രിൽ ആറിന് ആരംഭിക്കുന്ന പാർട്ടി കോൺഗ്രസിന് മുന്നോടിയായി വിവിധ ഘടകങ്ങളില്‍ കരടുനയം ചര്‍ച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.