ഡൽഹി മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് അംബേദ്കറുടെയും ഭഗത് സിങിന്റെയും ഫോട്ടോകൾ നീക്കിയതായി അതിഷി; പച്ചക്കള്ളമെന്ന് ബി.ജെ.പി
text_fieldsഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഓഫിസ്
ന്യൂഡൽഹി: മുഖ്യമന്ത്രി രേഖാഗുപ്തയുടെ ഓഫിസിൽ നിന്ന് അംബേദ്കറുടെയും ഭഗത് സിങിന്റെയും ഫോട്ടോകൾ നീക്കം ചെയ്തതായി പ്രതിപക്ഷ നേതാവ് അതിഷി. എന്നാൽ ആരോപണം നിഷേധിച്ച് ബി.ജെ.പി രംഗത്ത് വന്നു.
''ബി.ജെ.പിയുടെ ദലിത് വിരുദ്ധ മനോഭാവത്തെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്.അത് സത്യമാണെന്നതിന്റെ തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്. ഡൽഹിയിലെ എല്ലാ സർക്കാർ ഓഫിസുകളിലും ബാബാ സാഹിബ് അംബേദ്കറുടെയും രക്തസാക്ഷിയായ ഭഗത് സിങിന്റെയും ഫോട്ടോകൾ പതിക്കണമെന്ന് നിർദേശം നൽകിയ അരവിന്ദ് കെജ്രിവാൾ ആയിരുന്നു. എന്നാൽ ബി.ജെ.പി അധികാരത്തിലെത്തിയതോടെ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് രണ്ടു നേതാക്കളുടെയും ഫോട്ടോകൾ അപ്രത്യക്ഷമായി. ബി.ജെ.പി ദലിത്, സിഖ് വിരുദ്ധ പാർട്ടിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.''-അതിഷി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ചുവരിൽ അംബേദ്കറുടെയും ഭഗത് സിങിന്റെയും ഫോട്ടോകൾ തൂക്കിയിട്ട വിഡിയോ ബി.ജെ.പി പുറത്തുവിട്ടു. നേരത്തേയുണ്ടായിരുന്ന ഭാഗത്ത്നിന്ന് ഇവരുടെ ഫോട്ടോകൾ മാറ്റി പ്രതിഷ്ഠിക്കുകയായിരുന്നു. ആ സ്ഥാനത്തിപ്പോൾ, രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെയും മഹാത്മ ഗാന്ധിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചിത്രങ്ങളാണുള്ളത്.
എ.എ.പി ഒരടിസ്ഥാനവുമില്ലാതെ വെറുതെ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി വക്താവ് ആർ.പി.സിങ് ആരോപിച്ചു. 10 വർഷത്തെ ഭരണത്തിന് ശേഷം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് അവർക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. തന്റെ ഓഫിസിലെ ഫോട്ടോകൾ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയല്ല. അതിന് പ്രത്യേക പ്രോട്ടോക്കോളുണ്ട്. അതനുസരിച്ചാണ് ഫോട്ടോകൾ ക്രമീകരിച്ചിട്ടുള്ളതെന്നും സിങ് പറഞ്ഞു. പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ചിത്രങ്ങൾ ഇപ്പോൾ ഉള്ളിടത്തുതന്നെ കാണും.
ജനം എ.എ.പിയെ തള്ളിക്കളഞ്ഞതാണ്. ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് അവർക്ക് നല്ലതല്ലെന്നും സിങ് കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.