ആംബുലൻസ് വന്നില്ല, കട്ടിലിൽ ആശുപത്രിയിൽ എത്തിക്കവെ രോഗി മരിച്ചു
text_fieldsകൊൽക്കത്ത: ബംഗാളിൽ ആംബുലൻസ് വരാൻ വിസമ്മതിച്ചത് കൊണ്ട് കട്ടിലിൽ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കവെ രോഗി മരിച്ചു. ആംബുലൻസിനെ വിവരം അറിയിച്ചിട്ടും റോഡ് മോശമായതിനാൽ വരാൻ വിസമ്മതിക്കുകയായിരുന്നുവെന്ന് മരിച്ച യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.
മാൾഡ ജില്ലയിലെ മൽദംഗ ഗ്രാമത്തിലാണ് സംഭവം. രോഗിയായ യുവതിയെ മരക്കട്ടിലിൽ കിടത്തി ചെളിവെള്ളത്തിലൂടെ രണ്ടുപേർ ചുമന്നുകൊണ്ടുപോകുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ആംബുലൻസുകളോ മറ്റ് വാഹനങ്ങളോ വരാൻ തയാറാവാത്തതിനാലാണ് യുവതിയെ കട്ടിലിൽ കിടത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നതെന്ന് ഭർത്താവ് കാർത്തിക് റോയ് പറഞ്ഞു.
"മൽദംഗ ഗ്രാമത്തിൽ നിന്നുള്ള ആളാണെന്ന് കേട്ടപ്പോൾ മോശം റോഡുകളാണെന്ന് പറഞ്ഞ് ആരും വരാൻ തയാറായില്ല. എന്റെ ഭാര്യയെ ഒരു മരക്കട്ടിലിൽ കയറ്റി കൊണ്ടു പോകേണ്ടിവന്നു. ഞങ്ങൾ ആശുപത്രിയിൽ എത്തിയപ്പോൾ അവൾ മരിച്ചിരുന്നു. ഗ്രാമത്തിൽ ശരിയായ റോഡുണ്ടായിരുന്നെങ്കിൽ എന്റെ ഭാര്യ ജീവിച്ചിരിക്കുമായിരുന്നു" -കാർത്തിക് റോയ് പറഞ്ഞു.
സംഭവത്തിൽ സംസ്ഥാന സർക്കാറിനെ വിമർശിച്ച് ബി.ജെ.പി രംഗത്തെത്തി. മമത ബാനർജി കാവിയെ കുറിച്ചുള്ള ആശങ്കകൾ അവസാനിപ്പിച്ച് പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് അടിസ്ഥാന സേവനങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ പറഞ്ഞു.
അതേസമയം, “കഴിഞ്ഞ രണ്ട് വർഷമായി കേന്ദ്ര സർക്കാർ എല്ലാ ഫണ്ടുകളും നിർത്തിവച്ചിരിക്കുകയാണെന്നും ഗ്രാമങ്ങളിലെ ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും മാൾഡ ജില്ലാ തൃണമൂൽ കോൺഗ്രസ് വൈസ് പ്രസിഡന്റ് സുഭോമോയ് ബസു പറഞ്ഞു. മമത ബാനർജി സ്വന്തം സംരംഭമായ ‘പാതശ്രീ’ വഴി റോഡുകൾ നിർമിക്കാനുള്ള ശ്രമത്തിലാണ്. മരിച്ചവരുടെ പേരിൽ രാഷ്ട്രീയം കളിക്കുകയാണ് ബി.ജെ.പിയെന്നും, തൃണമൂൽ കോൺഗ്രസ് മരിച്ച വ്യക്തിയുടെ കുടുംബത്തോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.