ആംബുലൻസ് അനുവദിച്ചില്ല; കോവിഡ് ഭേദമായി വീട്ടിലേക്ക് നടന്നുപോയ യുവതിയെ ബലാത്സംഗം ചെയ്തു
text_fieldsഗുവാഹത്തി: മകളോടൊപ്പം കോവിഡ് പരിശോധന കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിയെ രണ്ടുപേർ ചേർന്ന് ബലാത്സംഗത്തിനിരയാക്കി. വീട്ടിലേക്ക് പോകാൻ ഇവർ ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ അനുവദിച്ചില്ലെന്ന് പരാതിയുണ്ട്.
തേയില തൊഴിലാളി സമൂഹത്തിൽ നിന്നുള്ള സ്ത്രീ കോവിഡ് പരിശോധന നെഗറ്റീവായ ശേഷം വീട്ടിലേക്ക് മടങ്ങുന്ന വേളയിലാണ് രണ്ടുപേർ ചേർന്ന് തട്ടിക്കൊണ്ട് പോയത്. സമീപത്തുള്ള തേയിലത്തോട്ടത്തിലെത്തിച്ചാണ് ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മേയ് 27നാണ് സംഭവം നടന്നതെങ്കിലും രണ്ടുദിവസത്തിന് ശേഷമാണ് പൊലീസിൽ റിപ്പോർട്ട് ചെയ്തത്.
'കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഞങ്ങളുടെ കുടുംബത്തിന് കോവിഡ് ബാധിച്ചത്. ഒരാഴ്ച ഞങ്ങൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. അച്ഛെൻറയും അമ്മയുടെയും ആരോഗ്യനില വഷളായതോടെ ഞങ്ങൾ ആശുപത്രിയിലേക്ക് പോകുകയായിരുന്നു'-പരാതിക്കാരിയുടെ മകൾ പറഞ്ഞു.
'പരിശോധന ഫലം നെഗറ്റീവ് ആയതോടെ ആശുപത്രി അധികൃതർ ഞങ്ങളോട് വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടു. മടങ്ങാൻ ഞങ്ങൾ ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും അവർ അത് നിരസിച്ചു. ഉച്ചക്ക് 2.30 ന് ഞങ്ങളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കോവിഡ് കർഫ്യൂ ഉള്ളതിനാൽ രാത്രി ആശുപത്രിയിൽ നിൽക്കാൻ കഴിയാമോ എന്ന് ഞങ്ങൾ അവരോട് ചോദിച്ചു. എന്നാൽ അവർ സമ്മതിച്ചില്ല' -മകൾ പറഞ്ഞു.
'ഞങ്ങൾ നടക്കാൻ തുടങ്ങി. തൊട്ടുപിന്നാലെ രണ്ടുപേർ ഞങ്ങളെ പിന്തുടരാൻ തുടങ്ങി. ഞങ്ങൾ ഓടാൻ തുടങ്ങിയെങ്കിലും അവർ എെൻറ അമ്മയെ കൊണ്ടുപോയി. ഞാൻ ഓടിപ്പോയി ഗ്രാമീണരെ വിവരമറിയിച്ചു. രണ്ടുമണിക്കൂറിന് ശേഷമാണ് അമ്മയെ കണ്ടെത്തിയത്' -മകൾ സംഭവം വിവരിച്ചു. ആശുപത്രിയിൽ നിന്നും അവരുടെ വീട്ടിലേക്ക് 25 കിലോമീറ്റർ ദൂരമുണ്ട്.
കേസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് ചരെയ്ഡിയോ പൊലീസ് പറഞ്ഞു. കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങുന്ന രോഗികൾക്ക് ആംബുലൻസ് അനുവദിക്കണമെന്ന് അസം ആരോഗ്യ മന്ത്രി കേശബ് മഹന്ത പറഞ്ഞു. കേസിലെ പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് അസം ടീ ട്രൈബ് സ്റ്റുഡൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.