മൃതദേഹം കൊണ്ടു പോകാൻ ആംബുലൻസ് ഇല്ല; നാല് വയസുകാരിയുടെ മൃതദേഹം തോളിൽ ചുമന്ന് പിതാവ്
text_fieldsഭോപ്പാൽ: മൃതദേഹം കൊണ്ടു പോകാൻ ആശുപത്രിയിൽ ആംബുലൻസ് ഇല്ലാത്തതിനാൽ മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ നാല് വയസുകാരിയുടെ മൃതദേഹം പിതാവ് തോളിൽ ചുമന്ന് കൊണ്ടു പോയി.
കുട്ടിയുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് തിങ്കളാഴ്ച ദാമോയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്നുതന്നെ മരിച്ചു. മൃതദേഹം വീട്ടിലെത്തിക്കാൻ ആശുപത്രി അധികൃതരോട് ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും അവരിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് ലക്ഷ്മൺ അഹിർവാർ ആരോപിച്ചു.
സ്വകാര്യ വാഹനം ഒരുക്കുന്നതിന് പണമില്ലാത്തതിനാൽ കുട്ടിയുടെ മൃതദേഹം ഒരു പുതപ്പിൽ പൊതിഞ്ഞ് ബക്സ്വാഹയിലേക്കുള്ള ബസിൽ കയറേണ്ടി വന്നു. ബക്‌സ്‌വാഹയിലെത്തിയ ശേഷം മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ വാഹനം നൽകണമെന്ന് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അവർ നിരസിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ ജില്ല ആശുപത്രിയിലെ സിവിൽ സർജൻ ഡോ മംമ്ത തിമോരി പിതാവിന്‍റെ ആരോപണങ്ങളെല്ലാം നിഷേധിച്ചു. വാഹനമാവശ്യപ്പെട്ട് ആരും ഞങ്ങളെ സമീപിച്ചില്ല. ഞങ്ങൾക്ക് ആംബുലൻസ് ഉണ്ട്. റെഡ് ക്രോസിൽ നിന്നോ മറ്റേതെങ്കിലും എൻ.ജി.ഒയിൽ നിന്നോ വാഹനം ക്രമീകരിക്കാവുന്നതേയുള്ളുവെന്നും തിമോരി പറഞ്ഞു.
ചികിത്സക്കായി ആശുപത്രിയിലെത്താൻ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് രോഗികൾ മരിക്കുന്ന കേസുകൾ സംസ്ഥാനത്ത് വ്യാപകമാണ്. ഖാർഗോൺ ജില്ലയിലെ ഭഗവാൻപൂരിൽ ഗർബിണിയായ യുവതി ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് യാത്രമധ്യേ മരണപ്പെട്ടിരുന്നു. ഇത്തരം കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി സംസ്ഥാനത്തെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.