റോഡുമില്ല, ആംബുലൻസുമില്ല; ചത്തീസ്ഗഢിൽ ഗർഭിണിയെ കൊട്ടയിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചു
text_fieldsസുർഗുജ: ആംബുലൻസിന് വരാൻ റോഡില്ലാത്തതിനാൽ ചത്തീസ്ഗഢിൽ ഗർഭിണിയെ കൊട്ടയിൽ ചുമന്ന് പുഴ കടത്തി ആശുപത്രിയിലെത്തിച്ചു. സുർഗുജയിലെ കണ്ടി വില്ലേജിലാണ് സംഭവം. ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് റോഡില്ല. ഉള്ളതാവട്ടെ വാഹനത്തിന് പോയിട്ട് കാൽനടയാത്രക്ക് പോലും പറ്റിയതുമല്ല.
സംസ്ഥാനത്ത് പലഭാഗത്തും മഴ കനത്തതിനാൽ വെള്ളപ്പൊക്ക, മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പ്രദേശത്തുള്ള യുവതിക്ക് പ്രസവവേദനയുണ്ടായത്. സർക്കാർ സംവിധാനവുമായി ബന്ധപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് നാലു പുരുഷൻമാർ കമ്പിൽ തൂക്കിയ കൊട്ടയിലിരുത്തി യുവതിയെ തോളിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചു. ഇവർ ശക്തമായ ഒഴുക്കുള്ള പുഴ മറിച്ചുകടക്കുന്നതുൾപ്പെടെയുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
അതേസമയം ഈ സംഭവം മികച്ച ആരോഗ്യ സംവിധാനങ്ങളുടെ പരാജയമല്ല, മറിച്ച് കനത്ത മഴയായതിനാൽ ചില ഗ്രാമങ്ങളിലേക്ക് എത്തിച്ചേരാനും അവരുമായി ബന്ധപ്പെടാനും ഏറെ പ്രയാസമനുഭവിക്കുന്നുണ്ടെന്ന് ജില്ല കലക്ടർ സഞ്ജയ് കുമാർ ഝാ പറഞ്ഞു. ഇത്തരം പ്രദേശങ്ങളിൽ അടിയന്തിര ആവശ്യങ്ങൾക്കായി ചെറിയ കാറുൾപ്പെടെ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.