ഉത്തരംമുട്ടി യു.പി സർക്കാർ
text_fieldsഗൊരഖ്പൂർ(യു.പി): ഗവ. മെഡിക്കൽ കോളജിൽ ഒാക്സിജൻ കിട്ടാതെ 63 കുട്ടികൾ മരണപ്പെട്ട സംഭവം യോഗി ആദിത്യനാഥിെൻറ നേതൃത്വത്തിലുള്ള സർക്കാറിനെതിര നിരവധി ചോദ്യങ്ങളുയർത്തി. രാജ്യംതന്നെ നടുങ്ങിയ സംഭവത്തിൽ ചോദ്യങ്ങൾക്ക് മറുപടി പറയാൻ നിർബന്ധിതനായിരിക്കുകയാണ് മുഖ്യമന്ത്രി ആദിത്യനാഥ്.
ഒാക്സിജൻ ക്ഷാമം രോഗികളുടെ ജീവൻ അപകടത്തിലാക്കുെമന്ന് ഇൗ മാസം ആദ്യം തന്നെ അധികൃതർക്ക് അറിയാമായിരുന്നു. എന്നാൽ, സത്വരനടപടികൾ ഉണ്ടായില്ല. ആഗസ്റ്റ് 10ന് ‘േഗാരഖ്പുർ ന്യൂസ് ലൈൻ’ ആശുപത്രിയിലെ പ്രതിസന്ധി റിപ്പോർട്ട് ചെയ്തിരുന്നു. ഒാക്സിജൻ വിതരണം മുടങ്ങുന്ന റിപ്പോർട്ട് അധികൃതർ മുഖവിലക്കെടുത്തില്ല. പണം നൽകാത്തതിനാൽ ലിക്വിഡ് ഒാക്സിജൻ നൽകുന്ന പുഷ്പ െസയിൽസ് കമ്പനി വിതരണം നിർത്തിവെക്കുകയാണെന്നും റിപ്പോർട്ട് വന്നു. കുടിശ്ശികയായ 63.65 ലക്ഷം രൂപ അനുവദിക്കാൻ കമ്പനി ആഗസ്റ്റ് ഒന്നിനുതന്നെ പ്രിൻസിപ്പലിന് കത്ത് നൽകിയിരുന്നു.
ഒാക്സിജൻ വിതരണം തടസ്സപ്പെട്ടതിനാൽ 30 കുട്ടികൾ മരിച്ചതായി ആഗസ്റ്റ് 11ന് വൈകീട്ടാണ് ആശുപത്രി അധികൃതർ പത്രക്കുറിപ്പിറക്കിയത്. എന്നാൽ, ദിവസങ്ങൾക്കു മുമ്പുതന്നെ അപകടസാഹചര്യം ഉണ്ടായിട്ടും പരിഹാരനടപടി ഉണ്ടായില്ല.
പ്രതിസന്ധി വിശദമാക്കി പ്രിൻസിപ്പൽ, സൂപ്രണ്ട് തുടങ്ങിയവർക്ക് അയച്ച കത്തുകൾ േഗാരഖ്പൂർ ന്യൂസ് ലൈൻ’ പുറത്തുവിട്ടതും സർക്കാറിനെ പ്രതിക്കൂട്ടിലാക്കി. ദേശീയ ആരോഗ്യദൗത്യം നോഡൽ ഒാഫിസർക്കും മുൻകൂട്ടി വിവരം നൽകിയിരുന്നു. എന്നാൽ, നടപടി വൈകി. ഏറ്റവും കൂടുതൽ കുട്ടികൾ മരിച്ചത് ആഗസ്റ്റ് 10നാണ്. അന്നാണ് ഒാക്സിജൻ വിതരണം മുടങ്ങിയത്. സർക്കാർ ആശുപത്രികൾക്കും മെഡിക്കൽ കോളജുകൾക്കും സർക്കാർ ആവശ്യത്തിന് ഫണ്ട് നൽകുന്നില്ലെന്ന് പ്രതിസന്ധികൾ നിരത്തി 2016 ഒക്ടോബറിൽ ‘ടൈംസ് ഒാഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തിരുന്നു. കൂട്ടമരണം നടന്നപ്പോൾ അത് മസ്തിഷ്കജ്വരം മൂലമാണെന്നും മരണം സംഭവിച്ചത് കുട്ടികളുടെ വാർഡിലാണെന്നും വരുത്തി, അനാസ്ഥ മൂടിവെക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും രേഖകൾ പുറത്തുവന്നതോടെ ഒാക്സിജൻവിതരണം തടസ്സപ്പെട്ട വിവരം അധികൃതർ തന്നെ ഏറ്റുപറയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.