കെജ്രിവാളിന് ജാമ്യമില്ല; വിചാരണ കോടതിയുടെ നിരീക്ഷണങ്ങൾ ശരിയല്ലെന്ന് ഹൈകോടതി
text_fieldsന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഡൽഹി ഹൈകോടതി. വിചാരണ കോടതി നൽകിയ ജാമ്യം ഹൈകോടതി തടഞ്ഞു. ഇ.ഡിയുടെ വാദം ശരിവച്ച ഹൈകോടതി, വിചാരണ കോടതിയുടെ നിരീക്ഷണങ്ങൾ ശരിയല്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്.
ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വിചാരണ കോടതി കേസ് സംബന്ധിച്ച വിശദാംശങ്ങളിൽ മനസ്സിയിരുത്തിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. പ്രോസിക്യൂഷന് തെളിവ് ഹാജരാക്കാനും വാദിക്കാനും സമയം നൽകിയില്ലെന്നും ഹൈകോടതി വിമര്‍ശിച്ചു.
ജൂണ്‍ 20നാണ് റൗസ് അവന്യൂ കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. തൊട്ടടുത്ത ദിവസം ഇ.ഡി നല്‍കിയ അപേക്ഷയില്‍ ജാമ്യത്തിന് ഇടക്കാല സ്റ്റേ നല്‍കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇ.ഡിയുടെയും കെജ്രിവാളിന്‍റെയും വാദങ്ങള്‍ കേട്ടശേഷമാണ് ഹൈക്കോടതി ഇന്ന് അന്തിമ വിധി പ്രസ്താവിച്ചത്.
ഹൈകോടതി നടപടിക്കെതിരെ കഴിഞ്ഞ ദിവസം കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായ നടപടി അസാധാരാണമാണെന്ന് നിരീക്ഷിച്ച കോടതി, ചൊവ്വാഴ്ചയും ജാമ്യം സ്റ്റേ ചെയ്യാനുള്ള നടപടി തന്നെയാണ് ഹൈകോടതി സ്വീകരിക്കുന്നതെങ്കിൽ, ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21നാണ് ഇ.ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കെജ്രിവാൾ ഉൾപ്പെടെയുള്ള എ.എ.പി നേതാക്കൾ 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ഈ തുക ഗോവയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നുമാണ് അന്വേഷണ ഏജൻസി അവകാശപ്പെടുന്നത്. മേയ് 10ന് ഇടക്കാല ജാമ്യത്തിലിറങ്ങിയ കെജ്രിവാൾ ജൂൺ രണ്ടിന് തിഹാർ ജയിലിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.