അഴിമതിക്കേസിൽ ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല; 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
text_fieldsഅമരാവതി: അഴിമതിക്കേസിൽ അറസ്റ്റിലായ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന് കോടതി ജാമ്യം നിഷേധിച്ചു. നായിഡുവിനെ വിജയവാഡ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. ജാമ്യം നിഷേധിച്ച പശ്ചാത്തലത്തിൽ തെലുങ്കുദേശം പാർട്ടി (ടി.ഡിപി) ഉടൻ ഹൈകോടതിയെ സമീപിക്കും.
കനത്ത സുരക്ഷയിലാണ് ചന്ദ്രബാബു നായിഡുവിനെ ഞായറാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയത്. സുപ്രീംകോടതി അഭിഭാഷകനായ സിദ്ധാർഥ് ലൂത്രയാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായത്. ആന്ധ്രപ്രദേശ് നൈപുണ്യ വികസന കോർപറേഷൻ അഴിമതി കേസിൽ നായിഡുവിന്റെ പങ്ക് തെളിയിക്കുന്ന രേഖകൾ കൃത്യമായി ലഭിച്ചുവെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ഇതിൽ ഇടനിലക്കാരനായത് ചന്ദ്രബാബു നായിഡുവിന്റെ മകനായ ലോകേഷിന്റെ സുഹൃത്താണെന്നും പറയുന്നു. പണം ഒളിപ്പിച്ചത് എവിടെയാണെന്നറിയാൻ നായിഡുവിനെ വീണ്ടും 15 ദിവസം സി.ഐ.ഡി കസ്റ്റഡിയിൽ വേണമെന്നായിരുന്നു ആവശ്യം.
എന്നാൽ, 2021 ഡിസംബറിൽ പൊലീസ് സമർപ്പിച്ച എഫ്.ഐ.ആറിൽ ചന്ദ്രബാബു നായിഡുവിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പ്രതികാരം പുലർത്തിയാണ് ഇപ്പോഴത്തെ അറസ്റ്റെന്നും സിദ്ധാർഥ് ലൂത്ര ആരോപിച്ചു. എന്നാൽ, വകുപ്പ് സെക്രട്ടറിയെ ചോദ്യം ചെയ്തപ്പോൾ അഴിമതിയുടെ സൂത്രധാരൻ നായിഡുവാണെന്ന് തെളിഞ്ഞെന്നും അതുകൊണ്ടാണ് ഉടൻ അറസ്റ്റ് ചെയ്‌തതെന്നും സി.ഐ.ഡി കോടതിയിൽ വ്യക്തമാക്കി.
നന്ദ്യാൽ ജില്ലയിൽ പൊതുപരിപാടി കഴിഞ്ഞ് കാരവനിൽ ഉറങ്ങുന്നതിനിടെ ശനിയാഴ്ചയാണ് ആന്ധ്ര പൊലീസിലെ സി.ഐ.ഡി വിഭാഗം നായിഡുവിനെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ ആറിന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിജയവാഡയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ടി.ഡി.പി പ്രവർത്തകരുടെ പ്രതിഷേധം തുടരുന്ന ആന്ധ്രയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നൈപുണ്യ വികസന കോർപറേഷൻ നടപ്പാക്കുന്ന മികവിന്റെ കേന്ദ്രങ്ങൾക്കായി 2015–18 കാലയളവിൽ 3300 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിൽ സാങ്കേതിക പരിശീലനം ലഭ്യമാക്കാൻ ജർമൻ എൻജിനീയറിങ് ഭീമനായ സീമെൻസുമായി പങ്കാളിത്ത കരാറിൽ ഏർപ്പെടുകയും 371 കോടി രൂപ വകയിരുത്തുകയും ചെയ്തു. എന്നാൽ, പണം കൈപ്പറ്റിയവർ പരിശീലനം നൽകിയില്ല. തുക വ്യാജ കമ്പനികൾക്കാണ് കൈമാറിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും ഗുണഭോക്താവും നായിഡു ആണെന്ന് സി.ഐ.ഡി മേധാവി എൻ. സഞ്ജയ് പറഞ്ഞു. ജി.എസ്.ടി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) നടത്തിയ അന്വേഷണത്തിൽ മുൻ മന്ത്രി ഗന്ത ശ്രീനിവാസ റാവു എം.എൽ.എ ഉൾപ്പെടെ 10 പേർ അറസ്റ്റിലായിരുന്നു. പ്രതികളായ മനോജ് വാസുദേവ്, പി. ശ്രീനിവാസ് എന്നിവർ വിദേശത്തേക്ക് കടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.