ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി, ബിഹാർ ഫല പ്രഖ്യാപനത്തിന് മുമ്പ് ലാലു പുറത്തിറങ്ങില്ല
text_fieldsപട്ന: ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരു ദിവസം മുമ്പ് ലാലു പ്രസാദ് യാദവ് ജയിലിൽ നിന്ന് ഇറങ്ങുമെന്ന ആർ.ജെ.ഡിയുടെ പ്രതീക്ഷക്ക് തിരിച്ചടി. കാലിത്തീറ്റ അഴിമതിക്കേസിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഝാർഖണ്ഡ് ഹൈക്കോടതി ഈമാസം 27ലേക്ക് മാറ്റിവെച്ചു.കേസിൽ സി.ബി.ഐ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് വാദം കേൾക്കൽ മാറ്റിയത്. 1990 – 97 കാലഘട്ടത്തിൽ ബിഹാർ മുഖ്യമന്ത്രിയായിരിക്കെ മൃഗസംരക്ഷണവകുപ്പിൽനിന്ന് വ്യാജ രേഖകളുടെ സഹായത്തോടെ 1000 കോടി രൂപ തട്ടിപ്പ് നടത്തിയതാണ് കേസ്.
നവംബർ 10 നാണ് ബിഹാറിൽ വോട്ടെണ്ണൽ നടക്കുന്നത്. അതിന് മുമ്പ് ലാലുവിനെ പുറത്തിറക്കാൻ ആർ.ജെ.ഡി നടത്തിയ ശ്രമങ്ങളെല്ലാം ഇതോടെ വിഫലമായി. നവംബർ 9 ന് ലാലുവിനെ പുറത്തിറക്കുമെന്ന് ആർ.ജെ.ഡി നേതാവും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
42 മാസവും 26 ദിവസവും ലാലു പ്രസാദ് യാദവ് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞതിനാൽ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ലാലുവിന്‍റെ അഭിഭാഷകൻ കപിൽ സിബൽ അഭ്യർത്ഥിച്ചെങ്കിലും സി.ബി.ഐ ശക്തമായി എതിർക്കുകയായിരുന്നു.ബിർസ മുണ്ഡ ജയിലിലായിരുന്ന ലാലു പ്രസാദ് യാദവിനെ പിന്നീട് ചികിത്സയ്ക്കായി ഝാർഖണ്ഡിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നവംബർ 9 ന് ലാലു ജയിലിൽ നിന്ന് പുറത്തിറങ്ങുമെന്നും അടുത്ത ദിവസം മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ 'വിടവാങ്ങൽ' ആയിരിക്കുമെന്നും എന്നായിരുന്നു തേജസ്വി യാദവ് റാലിയിൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.