അതിർത്തി തർക്കം; ഇന്ത്യ-ചൈന 14ാം വട്ട സൈനിക ചർച്ചയിലും ഒത്തുതീർപ്പായില്ല
text_fieldsന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഹോട്ട് സ്പ്രിങ് അതിർത്തിയിലെ സംഘർഷത്തിന് പരിഹാരം തേടി ഇന്ത്യയും ചൈനയും സൈനികതലത്തിൽ നടത്തിയ 14ാം വട്ട ചർച്ചയിലും ഒത്തുതീർപ്പായില്ല. ഉടൻ വീണ്ടും ചർച്ച നടത്താമെന്ന തീരുമാനത്തിലാണ് ഇരുവിഭാഗവും പിരിഞ്ഞത്.
ഒത്തുതീർപ്പുണ്ടായില്ലെങ്കിലും ചർച്ചകൾ അനുകൂല ദിശയിലാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഇരുപക്ഷവും വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. പ്രശ്നപരിഹാരത്തിനായി പരസ്പരം സഹകരിക്കുമെന്നും നേരത്തെയുള്ള ചർച്ചകളിലെ തീരുമാനങ്ങൾ പിന്തുടരുമെന്നും വ്യക്തമാക്കി. അതേസമയം, ഒക്ടോബറിലെ അവസാന റൗണ്ട് ചർച്ചയുമായി ഒത്തുനോക്കുമ്പോൾ, ഇത് ആശ്വാസം നൽകുന്നതാണ്.
അന്ന് ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തി സ്വതന്ത്ര പ്രസ്താവനകൾ പുറപ്പെടുവിക്കുകയാണ് ചെയ്തത്. ഇരുപക്ഷത്തെയും പ്രതിരോധ, വിദേശകാര്യ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തതായും പടിഞ്ഞാറൻ മേഖലയിലെ യഥാർഥ നിയന്ത്രണ രേഖയിലെ (എൽ.എ.സി) തർക്കം പരിഹരിക്കുന്നതിന് വ്യക്തവും ആഴത്തിലുള്ളതുമായ വീക്ഷണങ്ങൾ കൈമാറ്റം ചെയ്തിട്ടുണ്ടെന്നും സംയുക്ത പ്രസ്താവനയിൽ പരാമർശിച്ചു.
ചൈനീസ് പ്രദേശമായ ചുഷൂൽ മോൾഡോ അതിർത്തിയിലാണ് ബുധനാഴ്ച ചർച്ച നടന്നത്. ലഫ്റ്റനന്‍റ് ജനറൽ അനിന്ദ്യ സെൻഗുപ്തയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തത്. മെയ് ആദ്യവാരം മുതലാണ് ഇന്ത്യ-ചൈന അതിർത്തിയിൽ സൈനികനീക്കം ശക്തമായത്. സംഘർഷം കുറക്കുന്നതിന് ചൈനയാണ് പിൻവാങ്ങേണ്ടത് എന്നാണ് ഇന്ത്യൻ നിലപാട്. പാങ്ഗോങ് തടാകത്തിനു തെക്ക് ഇന്ത്യ തന്ത്രപ്രധാന മേഖലകളിൽനിന്ന് പിന്മാറണമെന്നാണ് ചൈനയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.