ഏഴാംവട്ട ചർച്ചയും പരാജയം; നിയമങ്ങൾ പിൻവലിക്കാതെ മടക്കമില്ലെന്ന് കർഷകർ
text_fieldsന്യൂഡൽഹി: പ്രക്ഷോഭത്തിലുള്ള കർഷക സംഘടനകളും കേന്ദ്ര സർക്കാറും തമ്മിൽ നടത്തിയ ഏഴാംവട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. അടുത്ത ചർച്ച ജനുവരി എട്ടിന് നടക്കും.
കാർഷിക നിയമങ്ങളിൽ ഭേദഗതിയാകാമെന്ന നിർദേശമാണ് ഇന്നും കേന്ദ്രം ആവർത്തിച്ചത്. എന്നാൽ, കർഷകവിരുദ്ധമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷകസംഘടനകൾ ഉറച്ചുനിന്നു.
പ്രക്ഷോഭത്തിനിടെ മരിച്ച കർഷകർക്ക് ആദരാഞ്ജലിയർപ്പിച്ച് രണ്ട് മിനിറ്റ് മൗനമാചരിച്ചാണ് ചർച്ച ആരംഭിച്ചത്. കാർഷിക നിയമങ്ങൾ കർഷകർക്ക് ഗുണകരമാണെന്ന് ആവർത്തിക്കുകയാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ ചെയ്തതെന്ന് ചർച്ചയിൽ പങ്കെടുത്ത കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി നേതാവ് സർവൻ പാന്തെർ പറഞ്ഞു.
കർഷകർ മുന്നോട്ടുവെച്ച നാല് അജണ്ടകളിൽ രണ്ടെണ്ണത്തിൽ കഴിഞ്ഞ ചർച്ചയിൽ തീരുമാനമായിരുന്നു. വൈക്കോൽ കത്തിക്കുന്നത് ക്രിമിനൽ കുറ്റകൃത്യമാക്കുന്ന പരിസ്ഥിതി ഒാർഡിനൻസിലും കേന്ദ്ര ൈവദ്യുതി നിയമത്തിലുമാണ് കഴിഞ്ഞ ചർച്ചയിൽ ധാരണയായത്.
നവംബർ 26ന് ആരംഭിച്ച കർഷക പ്രക്ഷോഭം 40ാം ദിവസവും തുടരുകയാണ്. ഡൽഹിയിലെ അതിശൈത്യവും പ്രതികൂല കാലാവസ്ഥയും അതിജീവിച്ചാണ് പ്രക്ഷോഭം തുടരുന്നത്. നിരവധി കർഷകർ പ്രക്ഷോഭത്തിനിടെ മരിച്ചിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റിപബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.