മന്ത്രിസഭ പുനഃസംഘടനയില്ല; ഉറപ്പുകൾ തുടർന്നും നടപ്പാക്കും -സിദ്ധരാമയ്യ
text_fieldsബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കർണാടക മന്ത്രിസഭ പുനഃസംഘടന എന്ന കാര്യം ആലോചിച്ചിട്ടേയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.
കോൺഗ്രസ് സർക്കാർ വർഷം പൂർത്തിയാക്കിയ തിങ്കളാഴ്ച ബംഗളൂരു പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ അഞ്ച് ഉറപ്പുകളുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പാക്കുന്നത് തുടരും. ലോക്സഭയിലേക്ക് കർണാടകയിൽ മൊത്തമുള്ള 28 സീറ്റിൽ കോൺഗ്രസ് മുന്നണിയുടെ 15-20 പേർ ജയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെതിരെ മികച്ച ഭൂരിപക്ഷത്തോടെ അട്ടിമറിവിജയം നേടിയ കോൺഗ്രസ് 2023 മേയ് 20നാണ് അധികാരമേറിയത്. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും ഒപ്പം എട്ടുമന്ത്രിമാരുമാണ് അന്ന് ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ദേശീയതലത്തിലുള്ള പ്രതിപക്ഷ കക്ഷികളുടെ മുഖ്യമന്ത്രിമാരുടെയും നേതാക്കളുടെയും സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പിന്നീട് 34 അംഗ മന്ത്രിസഭയായി വികസിപ്പിച്ചു.
സത്യപ്രതിജ്ഞക്കുശേഷം വിധാൻ സൗധയിൽ ചേർന്ന ആദ്യ മന്ത്രിസഭായോഗത്തിൽ കോൺഗ്രസ് ജനങ്ങൾക്കുമുന്നിൽവെച്ച അഞ്ച് ജനപ്രിയ വാഗ്ദാനപദ്ധതികളും നടപ്പാക്കാനായിരുന്നു ആദ്യമെടുത്ത തീരുമാനം.
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി, എല്ലാ വീടുകളിലും മാസം 200 യൂനിറ്റുവരെ വൈദ്യുതി സൗജന്യമാക്കുന്ന ഗൃഹജ്യോതി പദ്ധതി, വീട്ടമ്മമാർക്ക് മാസം രണ്ടായിരം രൂപ വീതം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതി, ബിരുദധാരികൾക്ക് മാസം മൂവായിരം രൂപയും ഡിപ്ലോമക്കാർക്ക് 1,500 രൂപയും നൽകുന്ന യുവനിധി പദ്ധതി, ബി.പി.എൽ കുടുംബത്തിലെ അംഗങ്ങൾക്ക് മാസം പത്തുകിലോ അരി സൗജന്യമായി നൽകുന്ന അന്നഭാഗ്യ പദ്ധതി എന്നിവയായിരുന്നു ഈ വാഗ്ദാനങ്ങൾ. ഇവ ഓരോന്നായി നടപ്പാക്കിയാണ് സർക്കാർ മുന്നേറിയത്.
സർക്കാറിന് വർഷം പൂർത്തിയാകുന്നതിനിടയിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ പ്രതീക്ഷയാണ്. ജനപ്രിയ പദ്ധതികളുടെ ഗുണഭോക്താക്കളുടെ വോട്ടിൽ നേട്ടമുണ്ടാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിലാണ് വിജയിച്ചത്. ബി.ജെ.പി-ജെ.ഡി.എസ് സഖ്യം ലോക്സഭ തെരഞ്ഞെടുപ്പിൽ ജനവിധി തേടി എന്നതാണ് പ്രതിപക്ഷവുമായി ബന്ധപ്പെട്ട സവിശേഷ സംഭവം. ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയും പിതാവ് ജെ.ഡി.എസ് എം.എൽ.എയും മുൻ മന്ത്രിയുമായ എച്ച്.ഡി.രേവണ്ണയും പ്രതികളായ ലൈംഗിക അതിക്രമക്കേസ് പ്രതിപക്ഷത്തെ നാണം കെടുത്തുന്നുണ്ട്.
അടിക്കടിയുണ്ടാവുന്ന കൊലപാതകങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നു, സ്ത്രീസുരക്ഷ അപകടത്തിൽ എന്നീ പ്രചാരണം പ്രതിപക്ഷം നടത്തുന്നു. ബംഗളൂരു കഫേയിൽ നടന്ന സ്ഫോടനം പ്രചാരണ വിഷയമായെങ്കിലും പ്രതികളുടെ ശൃംഖലയിലെ ബി.ജെ.പി പ്രവർത്തകൻ പിടിയിലായതോടെ അത് നിലച്ചു. ഹുബ്ബള്ളി കാമ്പസിൽ നേഹ ഹിരെമത്(23) കൊല്ലപ്പെട്ട കേസിൽ ഫയാസ് അറസ്റ്റിലായതോടെ സംഭവത്തിന് പിന്നിൽ ‘ലവ്ജിഹാദ്’ആരോപണവുമായി ബി.ജെ.പി രംഗത്തുവന്നു. ഹുബ്ബള്ളി മേഖലയിൽ കഴിഞ്ഞ ബുധനാഴ്ച അഞ്ജലി (20) കൊല്ലപ്പെട്ട കേസിൽ അയൽവാസി ഗിരീഷ് സാവന്ത് (23) പ്രതിയായി. ക്രമസമാധാനപാലന ചുമതലയുള്ള ഹുബ്ബള്ളി-ധാർവാഡ് ഡെപ്യൂട്ടി പൊലീസ് കമീഷണർ എം.രാജീവിനെ തിങ്കളാഴ്ച സസ്പെൻഡ് ചെയ്ത സർക്കാർ നടപടി ബി.ജെ.പിക്കും മുറിവേല്പിച്ച ഇരുതല വാൾപ്രയോഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.