സുപ്രീംകോടതിക്ക് ഒരു കേസും ചെറുതല്ല -ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: സുപ്രീംകോടതിക്ക് ഒരു കേസും ചെറുതല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. വ്യക്തി സ്വാതന്ത്ര്യത്തിനായി ഇടപെടുകയും ആശ്വാസം നൽകുകയും ചെയ്യുന്നില്ലെങ്കിൽ പിന്നെന്തിനാണ് തങ്ങളിവിടെയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. സുപ്രീംകോടതി ജാമ്യഹരജികൾ കേൾക്കരുതെന്നും ഭരണഘടന വിഷയങ്ങൾ കൈകാര്യം ചെയ്താൽ മതിയെന്നുമുള്ള കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവനക്കാണ് ചീഫ് ജസ്റ്റിസിന്റെ പരോക്ഷ മറുപടിയെന്നാണ് വിലയിരുത്തൽ.
വൈദ്യുതി മോഷ്ടിച്ചതിന് 18 വർഷം തുടർച്ചയായി ശിക്ഷിക്കപ്പെട്ട ആൾ ഏഴു വർഷം തടവ് അനുഭവിച്ചതിനുശേഷം സുപ്രീംകോടതിയിൽ എത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. ഒമ്പത് തവണ വൈദ്യുതി മോഷ്ടിച്ചതിന് രണ്ട് വർഷം വീതം 18 വർഷം ശിക്ഷ തുടർച്ചയായി അനുഭവിക്കണമെന്ന വിധിക്കെതിരെയാണ് ഹരജി നൽകിയത്. ഏറെ ഞെട്ടിക്കുന്ന കേസാണിതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളിൽ ഇടപെടാതെ ഈ ഹരജിക്കാരനെ മോചിപ്പിക്കാൻ ഉത്തരവിടാതെ പിന്നെന്തിനാണ് തങ്ങളിവിടെ? ഇത് ഭരണഘടനയുടെ 136ാം അനുഛേദത്തിന്റെ ലംഘനമാകും. ഫലത്തിൽ ഹൈകോടതി വിധിച്ചത് ജീവപര്യന്തം തടവുശിക്ഷയായി മാറിയെന്ന് അഡ്വ. നാഗമുത്തു ബോധിപ്പിച്ചപ്പോൾ സുപ്രീംകോടതിക്ക് ഏതെങ്കിലും കേസ് ചെറുതോ വലുതോ അല്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പൗരന്മാരുടെ സ്വാതന്ത്ര്യത്തിനുള്ള മുറവിളിക്ക് ഉത്തരം നൽകാനാണ് തങ്ങളിവിടെ. ഇത് ഒറ്റപ്പെട്ട കേസുകളല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ജനുവരി രണ്ട് വരെ ഒരു ബെഞ്ചുമില്ല
ശീതകാല അവധിക്കായി വെള്ളിയാഴ്ച അടച്ച സുപ്രീംകോടതിയിൽ ജനുവരി രണ്ട് വരെ ഒരു ബെഞ്ചും ഇരിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. രണ്ടാഴ്ച അവധി കഴിഞ്ഞ് ജനുവരി രണ്ടിനാണ് സുപ്രീംകോടതി തുറക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.