മുന്നണി ഭൂരിപക്ഷം നേടിയിട്ടും ആഘോഷമില്ലാതെ ബി.ജെ.പി കേന്ദ്രങ്ങൾ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ 300ഉം 400ഉം സീറ്റുകൾ നേടുമെന്ന എൻ.ഡി.എയുടെ അമിത ആത്മവിശ്വാസത്തിന് വോട്ടെണ്ണി ഫലം വന്നതോടെ കനത്ത പ്രഹരമാണ് ഏറ്റിരിക്കുന്നത്. അതുകൊണ്ടു തന്നെ ഭരിക്കാനുള്ള കേവല ഭൂരിപക്ഷം നേടിയിട്ടും ബി.ജെ.പി കേന്ദ്രങ്ങളിൽ ആഘോഷങ്ങളോ ആഹ്ലാദ പ്രകടനങ്ങളോ ഇല്ല.
കേവല ഭൂരിപക്ഷം ഒറ്റക്ക് മറികടക്കുമെന്നായിരുന്നു മോദിയടക്കം നേതാക്കൾ ആവർത്തിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലുടനീളം ബി.ജെ.പി നേതാക്കൾ ഇക്കാര്യം ആവർത്തിച്ചിരുന്നു. ഇതേ വാദം ഏറ്റുപിടിച്ചുള്ള എക്സിറ്റ് പോളുകളാണ് മാധ്യമങ്ങളും പുറത്തുവിട്ടത്. എക്സിറ്റ് പോൾ കൂടി വൻ വിജയം പ്രഖ്യാപിച്ചതോടെ പ്രതീക്ഷയിലായിരുന്ന എൻ.ഡി.എ ക്യാമ്പിന് വൻ ഞെട്ടലാണ് തെരഞ്ഞെടുപ്പ് ഫലം സമ്മാനിച്ചിരിക്കുന്നത്.
ഹിന്ദി ഹൃദയഭൂമിയിലടക്കം ഞെട്ടിക്കുന്ന തിരിച്ചടിയുണ്ടായി. ഉത്തർപ്രദേശും മഹാരാഷ്ട്രയും രാജസ്ഥാനുമെല്ലാം ഞെട്ടിക്കുന്ന തിരിച്ചടിയാണ് നൽകിയത്. സ്മൃതി ഇറാനി അടക്കം നേതാക്കൾ നാണംകെട്ട തോൽവി ഏറ്റുവാങ്ങി. മോദിയെ മാത്രം ഉയർത്തിക്കാട്ടിയാണ് എൻ.ഡി.എ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. വോട്ടെണ്ണലിനിടെ പലപ്പോഴും വാരാണസിയിൽ പിന്നിലായത് മോദിപ്രഭ മങ്ങിയെന്നതിന് തെളിവായി.
ഒടുവിൽ വോട്ടെണ്ണിത്തീരാറാകുമ്പോൾ, കോൺഗ്രസ് അടക്കം പ്രതിപക്ഷ നേതാക്കൾ പ്രസ്താവനകളുമായി രംഗത്തെത്തിയപ്പോൾ ഉത്തരവാദപ്പെട്ട ബി.ജെ.പി നേതാക്കളെ ആരെയും പുറത്തുകണ്ടില്ല. ദേശീയ പ്രസിഡന്‍റ് ജെ.പി നഡ്ഡയുടെ വീട്ടിലെത്തി അമിത് ഷാ ചർച്ച നടത്തുകയും സഖ്യം ഉറപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. ഇതല്ലാതെ, പരസ്യ പ്രതികരണത്തിനോ മാധ്യമങ്ങളെ കാണാനോ ഇതുവരെ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.