ദേശീയപാത പദ്ധതികളിൽ ചൈനീസ് കമ്പനികളെ ഒഴിവാക്കും -നിതിൻ ഗഡ്കരി
text_fieldsന്യൂഡൽഹി: ദേശീയപാത പദ്ധതികളിൽ ഇനിമുതൽ ചൈനീസ് കമ്പനികളെ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ചൈനയുടെ സംയുക്ത പങ്കാളിത്തങ്ങൾക്കും ദേശീയപാത പദ്ധതി കരാറുകൾ നൽകില്ല. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ ചൈനീസ് നിക്ഷേപകരെ പൂർണമായും ഒഴിവാക്കുമെന്നും ചൈനീസ് കമ്പനികളെ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
റോഡ് നിർമാണത്തിനായി ചൈനീസ് പങ്കാളിത്തമുള്ള കമ്പനികൾക്ക് ഇനിമുതൽ അനുമതി നൽകില്ല. സംയുക്ത സംരംഭങ്ങളിൽ പങ്കാളികളാക്കില്ല. ചൈനീസ് കമ്പനികളെ ഒഴിവാക്കുകയും രാജ്യത്തെ തദ്ദേശ കമ്പനികൾക്ക് പ്രാധാന്യം നൽകുകയും ചെയ്യും. ചൈനീസ് കമ്പനികളെ നിരോധിക്കുന്നതിനും ഇന്ത്യൻ കമ്പനികൾക്ക് മാനദണ്ഡങ്ങൾ അറിയിക്കുന്നതിനും നയം പുറത്തിറക്കും. ദേശീയപാത പദ്ധതികളിൽ യോഗ്യത മാനദണ്ഡങ്ങൾ വിപുലീകരിക്കും. പുതിയ ടെൻഡറുകൾക്കും നിലവിലെ പദ്ധതികൾക്കും ഇത് ബാധകമാകുമെന്നും അദ്ദേഹം അറിയിച്ചു.
കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിലുണ്ടായ ചൈനീസ് ആക്രമണത്തെ തുടർന്നാണ് തീരുമാനം. ചൈനയുമായി അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെ ഇന്ത്യയിൽ 59 ചൈനീസ് ആപുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. രാജ്യസുരക്ഷക്ക് വെല്ലുവിളി ഉയർത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജനപ്രിയ ആപായ ടിക്ടോക് ഉൾപ്പെടെയുള്ളവയുടെ നിരോധനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.