ജെ.ഡി.യു-ബി.ജെ.പി ഭിന്നതയില്ലെന്ന് നീതിഷ് കുമാർ
text_fieldsപട്ന: ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് പങ്കുവെക്കൽ സംബന്ധിച്ച് ജനതാദൾ യുനൈറ്റഡിനും(ജെ.ഡി.യു) സഖ്യകക്ഷിയായ ബി.ജെ.പിക്കുമിടയിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ തള്ളി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സീറ്റ് പങ്കുവെക്കൽ വിഷയത്തിൽ തിടുക്കമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ ബി.ജെ.പിയുമായുള്ള സഖ്യം ബിഹാറിൽ മാത്രം പരിമിതമാണ്. ചില സംസ്ഥാനങ്ങളിൽ ബി.ജെ.പിക്കെതിരെ തങ്ങൾ സ്ഥാനാർഥികളെ നിർത്തുന്നത് അതുകൊണ്ടാണ്. എവിടെയെങ്കിലും ബി.ജെ.പി വിരുദ്ധ സഖ്യത്തിെൻറ ഭാഗമാകുമോ എന്ന ചോദ്യം ഇതുവരെ ഉയർന്നിട്ടില്ലെന്നും നിതീഷ് വ്യക്തമാക്കി.
സർക്കാർ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇരുപാർട്ടികൾക്കുമിടയിൽ പ്രശ്നങ്ങളൊന്നുമില്ല -പ്രതിവാര പൊതുജന സമ്പർക്ക പരിപാടിയായ ലോക് സംവാദിനിടെ മാധ്യമപ്രവർത്തകരോട് ബിഹാർ മുഖ്യമന്ത്രി പറഞ്ഞു. ബിഹാറിലെ സഖ്യത്തിൽ ജനതാദൾ യുനൈറ്റഡ് വല്യേട്ടൻ ചമയുകയാണെന്നും ബി.ജെ.പിയും എൽ.ജെ.പിയും അടക്കമുള്ള സഖ്യകക്ഷികൾ സീറ്റ് വിട്ടുനൽകാൻ വിസമ്മതിക്കുന്നതായുമുള്ള വാർത്തകൾക്കിടെയായിരുന്നു നിതീഷ് കുമാറിെൻറ പ്രതികരണം.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ വേണ്ട സമയത്ത് പരിഹരിക്കുമെന്നും അപ്പോഴത് പൊതുജനത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജൂലൈ 12ന് ബിഹാറിലെത്തുന്ന ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്ന വാർത്ത അദ്ദേഹം സ്ഥിരീകരിച്ചു. സീറ്റ് തർക്കത്തെ തുടർന്നാണ് കഴിഞ്ഞവർഷം ജെ.ഡി.യു വിശാല സഖ്യം വിട്ട് എൻ.ഡി.എയിൽ ചേർന്നത്. കോൺഗ്രസുമായി സഖ്യമുണ്ടാക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നേരിട്ട് മറുപടി പറയാതിരുന്ന നിതീഷ് അതിന് ഉത്തരം പറയാൻ താൻ കോൺഗ്രസ് പ്രസിഡൻറല്ലെന്നാണ് ചൂണ്ടിക്കാണിച്ചത്.
അതേസമയം, വർഗീയസംഘർഷമുണ്ടാക്കാൻ ശ്രമിച്ച കേസിൽ െനവാദ ജില്ലയിൽ ജയിലിൽ കഴിയുന്ന ബജ്റംഗ്ദൾ പ്രവർത്തകരെ സന്ദർശിച്ച കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിെൻറ നടപടി അംഗീകരിക്കാനാവില്ലെന്ന് നിതീഷ് പറഞ്ഞു. സംസ്ഥാനത്തെ സാമുദായിക സൗഹാർദം തകർക്കാനുള്ള നടപടി സർക്കാർ വകവെച്ചുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.