പണക്കാരനായതിന്‍റെ പേരിൽ ജാമ്യം നൽകാൻ കഴിയില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പണക്കാരനായതിന്‍റെ പേരിൽ ജാമ്യം നൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി. 2019ൽ മകൻ ഓടിച്ച കാറിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പിതാവും റസ്റ്ററന്‍റ് ഉടമയുമായ അക്തർ പർവേസ് നൽകിയ ജാമ്യാപേക്ഷ തള്ളിയാണ് കോടതിയുടെ പരാമർശം.
ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ, ഹേമന്ത് ഗുപ്ത എന്നിവരാണ് ജാമ്യാേപക്ഷ തള്ളിയത്. 2019 ആഗസ്റ്റ് 16ന് റാഗിബ് ഓടിച്ചിരുന്ന ജാഗ്വർ എസ്.യു.വി ഇടിച്ച് രണ്ടു ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചത്. 130-135 കിലോമീറ്റർ വേഗതയിലായിരുന്നു വാഹനം.
'മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് വാഹനം ഒാടിച്ചിരുന്നതെന്നത് ശരിയല്ലേ? അപകടത്തിന് ഏഴുമാസം മുമ്പുവരെ 48ഓളം തവണ ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലേ? ഇപ്പോൾ നിങ്ങൾക്ക് പണക്കാരനായതിനാൽ ജാമ്യം നൽകണമെന്നാണ് ആവശ്യം. പക്ഷേ ഞങ്ങളത് നൽകില്ല' -പ്രതിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട് ബെഞ്ച് പറഞ്ഞു.
റാഗിബ് മാനസിക അസ്വാസ്ഥ്യം നേരിടുന്ന വ്യക്തിയാണെന്നും അതിനാൽ വിചാരണ നേരിടാൻ കഴിയില്ലെന്നും മകന് വേണ്ടി പിതാവ് കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ മാനസിക അസ്വാസ്ഥ്യം ഇല്ലെന്ന് തെളിഞ്ഞതോടെ വിചാരണ നേരിടാൻ കൽക്കട്ട ഹൈകോടതി ഏപ്രിൽ 13ന് ഉത്തരവിടുകയായിരുന്നു.
ജാമ്യം റദ്ദാക്കിയ കോടതി ഏപ്രിൽ 20ന് റാഗിബിനോട് ഹാജരാകാനും ഇല്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെ നടപടികൾ നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചിരുന്നു. കൂടാതെ സംഭവ സമയത്ത് റാഗിബ് വിദേശത്തായിരുന്നുവെന്ന വാദവും പ്രതിഭാഗം ഉന്നയിച്ചിരുന്നു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ റാഗിബ് തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.