മോദിസർക്കാർ കടുത്ത വിശ്വാസത്തകർച്ചയിൽ
text_fieldsന്യൂഡൽഹി: റഫാലിലെ സുപ്രീംകോടതി ഇടപെടൽ, റിസർവ് ബാങ്ക് ഗവർണറുടെ രാജിനീക്കം എന്നിവവഴി മോദിസർക്കാർ കടുത്ത വിശ്വാസത്തകർച്ചയിൽ.
സി.ബി.െഎ, കേന്ദ്ര വിജിലൻസ് കമീഷൻ, തെരഞ്ഞെടുപ്പു കമീഷൻ എന്നിവയെ വഴിവിട്ട് സ്വാധീനിക്കുന്ന വിഷയം കത്തിനിൽക്കുേമ്പാൾതന്നെയാണ് സർക്കാറിെൻറ വിശ്വാസത്തകർച്ച കൂട്ടുന്നവിധം സുപ്രീംകോടതിയിൽനിന്നും റിസർവ് ബാങ്കിൽ നിന്നുമുള്ള വാർത്തകൾ.
പോർവിമാന ഇടപാടിൽ സർക്കാർ പലതും ഒളിച്ചുവെക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന വിശദീകരണത്തിൽ തൂങ്ങിനിൽക്കുകയായിരുന്നു ഇതുവരെ കേന്ദ്രമന്ത്രിമാരും ബി.ജെ.പിയും. എന്നാൽ, കേന്ദ്രസർക്കാറിെൻറ ന്യായവാദങ്ങൾ അതേപടി വിഴുങ്ങാൻ തയാറല്ലെന്ന സുപ്രീംകോടതി നിലപാട് പൊതുസമൂഹത്തിനു മുമ്പിൽ സർക്കാറിനോടുള്ള അവിശ്വാസത്തിന് ആഴം കൂട്ടുകയാണ്.
ഖജനാവിൽനിന്ന് പണമെടുത്ത് ദേശസുരക്ഷക്കുവേണ്ടി വാങ്ങുന്ന പോർവിമാനങ്ങൾ ഒാരോന്നിനും മുടക്കുന്ന തുക എത്രയെന്ന് സുപ്രീംകോടതിയോടുപോലും പറയാൻ പറ്റില്ലെന്നുവന്നാൽ ഒരു ഭരണഘടനാ സ്ഥാപനത്തോടും സമാധാനംപറയേണ്ട ഉത്തരവാദിത്തം സർക്കാറിന് ഇല്ലെന്നുവരും.
ഇത് അംഗീകരിച്ചുകൊടുക്കാൻ സുപ്രീംകോടതിക്കു കഴിയില്ല. അതേസമയം, വിലയോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്താൻ കഴിയില്ലെന്ന് വാദിച്ചുവന്ന സർക്കാർ അടുത്ത ഘട്ടത്തിൽ കോടതിയിൽ സ്വീകരിക്കുന്ന നിലപാട് സുപ്രധാനമാണ്. റിലയൻസിെൻറ പങ്കാളിത്ത കാര്യത്തിലും രാഷ്ട്രീയ പാർട്ടികളോട് പൊരുതുന്ന ലാഘവത്തോടെ സുപ്രീംകോടതിയെ സമീപിക്കാൻ കഴിയില്ല.
നോട്ട് അസാധുവാക്കിയതുമുതൽ സമ്പദ്രംഗത്തെ ചൂഴ്ന്നുനിൽക്കുന്ന നിരവധി ദുരൂഹതകൾക്ക് ആക്കം കൂട്ടുന്നതാണ് റിസർവ് ബാങ്കും സർക്കാറുമായുള്ള ഉരസൽ. തിരിച്ചെത്തിയ നോട്ടുകൾ എത്രയെന്ന് വെളിപ്പെടുത്താൻ റിസർവ് ബാങ്ക് വൈകിയതിെൻറ കാരണം എന്തായിരുന്നുവെന്ന ചിത്രംകൂടി തെളിയുകയാണ്.
പൊതുമേഖല ബാങ്കുകളിലെ വായ്പാ ക്രമക്കേട്, പെരുകുന്ന കിട്ടാക്കടം, വമ്പൻ വ്യവസായികൾ ബാങ്കുകളെ കബളിപ്പിച്ച് രാജ്യംവിട്ടത് എന്നിവയെല്ലാം സർക്കാറിനെ വേട്ടയാടുന്നതിനൊപ്പമാണ്, അവിഹിത സമ്മർദങ്ങൾ ഉണ്ടാകുന്നുവെന്ന് റിസർവ് ബാങ്ക് മേധാവികൾ വെളിപ്പെടുത്തുന്നത്.
അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുമ്പ് സാമ്പത്തിക രംഗത്ത് തിളക്കത്തിെൻറ പ്രതീതി ജനിപ്പിക്കാൻേപാന്ന ചില വഴിവിട്ട ഇടപാടുകൾക്കാണ് റിസർവ് ബാങ്കിനെ സർക്കാർ നിർബന്ധിക്കുന്നത്. ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് ഉദാര വായ്പ, ദുർബല ബാങ്കുകൾക്ക് കൂടുതൽ മൂലധനം, കുത്തഴിഞ്ഞ ചില ധനകാര്യ സ്ഥാപനങ്ങൾക്ക് കൂടുതൽ പണം എന്നിവക്കൊക്കെയാണ് സമ്മർദം.
റിസർവ് ബാങ്കിെൻറ പക്കൽ മിച്ചമായി സൂക്ഷിച്ചിട്ടുള്ള 3.6 ലക്ഷം കോടി രൂപ ധനക്കമ്മി കുറച്ചുകാണിക്കാനും ചില സാമൂഹിക പദ്ധതികൾക്ക് വിനിയോഗിക്കാനും പാകത്തിൽ വിട്ടുകിട്ടുന്നതിന് വഴിവിട്ട സമ്മർദം പ്രയോഗിക്കുകയാണ് സർക്കാർ. ഇന്ധന വിലക്കയറ്റം പിടിച്ചുനിർത്തുന്നതടക്കം നാലര വർഷത്തിനിടയിൽ ശരാശരിക്കാരന് സർക്കാറിൽനിന്ന് ആശ്വാസ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നിരിെക്ക തന്നെയാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.