മോദി എന്തുകൊണ്ട് മണിപ്പൂരിൽ പോയില്ല?, മൂന്നു ചോദ്യങ്ങളുമായി കോൺഗ്രസ്; അവിശ്വാസ പ്രമേയ ചർച്ച തുടങ്ങി
text_fieldsന്യൂഡൽഹി: മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. അസമിൽനിന്നുള്ള കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ് ആണ് ചർച്ചക്ക് തുടക്കമിട്ടത്. പ്രധാനമന്ത്രി മൗനം വെടിയുന്നതിനായാണ് അവിശ്വാസ പ്രമേയം കൊണ്ടുവരേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ട് പ്രധാനമന്ത്രി മോദി മണിപ്പൂർ സന്ദർശിച്ചില്ല?, മണിപ്പൂർ മുഖ്യമന്ത്രിയെ മാറ്റാൻ തയാറാകാത്തത് എന്തുകൊണ്ട്?, പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം തുടരുന്നു? എന്നീ മൂന്ന് ചോദ്യങ്ങളാണ് ചോദിക്കാനുള്ളത്. മണിപ്പൂരിനെക്കുറിച്ച് സംസാരിക്കാൻ എന്തുകൊണ്ട് 80 ദിവസമെടുത്തു. സംസാരിച്ചതാകട്ടെ വെറും 30 സെക്കൻഡും -അദ്ദേഹം പറഞ്ഞു.
നീതിക്ക് വേണ്ടിയാണ് അവിശ്വാസ പ്രമേയം. മണിപ്പൂരിന് നീതി വേണം. മണിപ്പൂരിൽ 150 പേർ മരിച്ചു. 5000-ത്തോളം വീടുകൾ കത്തി നശിച്ചു. ആറായിരത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഇരട്ട എഞ്ചിൻ സർക്കാറും മണിപ്പുരിലെ സർക്കാരും പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രിക്ക് അംഗീകരിക്കേണ്ടിവരും -ഗൗരവ് ഗൊഗോയ് പറഞ്ഞു.
ലോക്സഭയിലെ അവിശ്വാസ പ്രമേയ ചർച്ചക്ക് 12 മണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്. അംഗബലം കണക്കാക്കി ബി.ജെ.പിക്ക് ആറ് മണിക്കൂറും 41 മിനിറ്റും ലഭിക്കും. കോൺഗ്രസിന് ഒരു മണിക്കൂറും 15 മിനിറ്റും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.