വിലപ്പോയില്ല, 12 അവിശ്വാസ നോട്ടീസുകൾ
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദി മന്ത്രിസഭക്കെതിരെ ലോക്സഭയിൽ നൽകിയ 12 അവിശ്വാസ പ്രമേയ നോട്ടീസുകൾ വിലപ്പോയില്ല. എ.െഎ.എ.ഡി.എം.കെ അംഗങ്ങൾ നടുത്തളത്തിൽ സൃഷ്ടിക്കുന്ന ബഹളം ചൂണ്ടിക്കാട്ടി സ്പീക്കർ സുമിത്ര മഹാജൻ അവ കൂട്ടത്തോടെ മാറ്റിവെച്ചു. ബഹളമുണ്ടാക്കുന്ന അംഗങ്ങെള സസ്പെൻഡ് ചെയ്ത് നോട്ടീസ് ചർച്ചക്കെടുക്കാൻ അവസരം ഉണ്ടാക്കണമെന്ന അഭിപ്രായവും തള്ളിയതോടെ അവിശ്വാസപ്രമേയത്തിെൻറ കാര്യത്തിൽ പ്രതിപക്ഷത്തിനു മുന്നിൽ വഴിയടഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ ബജറ്റ് സമ്മേളനം നേരേത്ത അവസാനിപ്പിക്കേണ്ടിവരും. അല്ലെങ്കിൽ, ഇനിയുള്ള ദിവസങ്ങളിലും ബഹളംമൂലം സഭാനടപടി നിർത്തിവെക്കേണ്ടിവരും. നിശ്ചയിച്ച പ്രകാരമാണെങ്കിൽ ഏപ്രിൽ ആറു വരെയാണ് രണ്ടാംഘട്ട ബജറ്റ് സമ്മേളനം.
വൈ.എസ്.ആർ കോൺഗ്രസിനും ടി.ഡി.പിക്കും പിന്നാലെ കോൺഗ്രസ്, സി.പി.എം, മുസ്ലിംലീഗ്, ആർ.എസ്.പി, കേരള കോൺഗ്രസ്, എ.െഎ.എം.െഎ.എം തുടങ്ങിയ പാർട്ടികളുടെ നേതാക്കളാണ് മോദി മന്ത്രിസഭയിൽ അവിശ്വാസം രേഖപ്പെടുത്തുന്നുവെന്ന നോട്ടീസ് സ്പീക്കർക്ക് നൽകിയത്. പുറമെ, ഒന്നു മുതൽ 80 വരെ എഴുതിയ നീല പ്ലക്കാർഡുകൾ, നോട്ടീസിനെ പിന്തുണക്കുന്നവർ ഉയർത്തിപ്പിടിക്കുകയും ചെയ്തു.
നടുത്തള സമരം മൂലം, നോട്ടീസിനെ പിന്തുണക്കുന്നവരുടെ എണ്ണം കണക്കാക്കാൻ കഴിയുന്നില്ലെന്ന വിശദീകരണത്തോടെയാണ് ഏഴു ദിവസമായി സ്പീക്കർ അവിശ്വാസ നോട്ടീസ് മാറ്റിവെക്കുന്നത്. അതു പൊളിക്കാനായിരുന്നു പ്രതിപക്ഷ തന്ത്രം. എന്നാൽ, ബഹളം തുടരുന്നതിനാൽ നോട്ടീസ് ചർച്ചചെയ്യാൻ പറ്റിയ അന്തരീക്ഷം സഭയിൽ ഇല്ലെന്ന് സ്പീക്കർ തിങ്കളാഴ്ചയും വിശദീകരിച്ചു. ബഹളംമൂലം സഭാനടപടി നിർത്തിവെക്കുകയും ചെയ്തു. അതിനുമുമ്പ് കോൺഗ്രസിെൻറ സഭാ നേതാവ് മല്ലികാർജുൻ ഖാർഗെയെ ഒരു മിനിറ്റ് സംസാരിക്കാൻ അനുവദിച്ചു. അവിശ്വാസ നോട്ടീസ് ചർച്ചക്കെടുക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. ചർച്ചക്ക് സർക്കാർ എതിരല്ലെന്നും വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നിരിക്കെ, അവിശ്വാസ നടപടികളെ ഭയക്കുന്നില്ലെന്നും പാർലമെൻററികാര്യ മന്ത്രി അനന്ത്കുമാർ പ്രതികരിച്ചു. സഭാസ്തംഭനം നീക്കാനുള്ള ശ്രമത്തിൽ സ്പീക്കർ സർവകക്ഷി യോഗം വിളിച്ചേക്കും. ചൊവ്വാഴ്ച സുമിത്ര മഹാജൻ പാർട്ടി പ്രതിനിധികളോട് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.