നരേന്ദ്രമോദിക്കെതിരെ അവിശ്വാസ പ്രമേയം
text_fieldsന്യൂഡൽഹി: ബി.ജെ.പിക്കെതിരായ പ്രാദേശിക കക്ഷികളുടെ െഎക്യനീക്കം കരുത്താർജിക്കുന്നു. ആന്ധ്രപ്രദേശ് ഭരണകക്ഷിയായ തെലുഗുദേശം പാർട്ടി (ടി.ഡി.പി) ബി.ജെ.പി സഖ്യത്തിൽ നിന്ന് പുറത്തേക്ക്.
ജഗൻമോഹൻ റെഡ്ഡി നയിക്കുന്ന വൈ.എസ്.ആർ കോൺഗ്രസ് വെള്ളിയാഴ്ച ലോക്സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് നോട്ടീസ് നൽകി. ബി.ജെ.പിയെ അമ്പരപ്പിച്ച്, പ്രമേയത്തെ പിന്തുണക്കാനുള്ള പുറപ്പാടിലാണ് ടി.ഡി.പി. അതിനിടെ, ഉപതെരഞ്ഞെടുപ്പിൽ ഒതുങ്ങുന്നതല്ല യു.പിയിലെ ബി.എസ്.പി-സമാജ്വാദി പാർട്ടി സഖ്യമെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പു വിജയത്തിനു തൊട്ടുപിന്നാലെ ബി.എസ്.പി നേതാവ് മായാവതിയെ വസതിയിൽ ചെന്നുകണ്ട് അദ്ദേഹം നന്ദി അറിയിക്കുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. പ്രാദേശിക കക്ഷികൾക്കൊപ്പം പ്രധാന പ്രതിപക്ഷമായ കോൺഗ്രസും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പു മുൻനിർത്തിയുള്ള നീക്കുപോക്കു ശ്രമങ്ങൾ വേഗത്തിലാക്കി. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി എൻ.സി.പി നേതാവ് ശരദ്പവാറുമായി പ്രത്യേക ചർച്ച നടത്തി.
യു.പി, ബിഹാർ ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റതിനു തൊട്ടുപിന്നാലെ സവിശേഷ സാഹചര്യങ്ങളാണ് രൂപപ്പെട്ടത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകിക്കൊണ്ട് അധിക കേന്ദ്രസഹായം അനുവദിക്കണമെന്ന ആവശ്യവുമായി തുടർച്ചയായി ഒമ്പതു ദിവസം പാർലമെൻറ് സ്തംഭിപ്പിക്കുന്ന ആന്ധ്രപ്രദേശ് കക്ഷികൾ മോദിസർക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുന്നത് ബി.ജെ.പി പാളയത്തിൽ വലിയ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ടി.ഡി.പി പോയാൽ വൈ.എസ്.ആർ കോൺഗ്രസിനെ ഒപ്പം കൂട്ടാമെന്ന വിധത്തിലായിരുന്നു ബി.ജെ.പിയിൽ ഇതുവരെ ചിന്താഗതി.
ആന്ധ്രപ്രദേശിെൻറ ആവശ്യത്തോട് കേന്ദ്രം പുറംതിരിഞ്ഞു നിൽക്കുന്നതാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും ജഗൻ റെഡ്ഡിയെയും അടുപ്പിക്കുന്നത്. ഒമ്പത് എം.പിമാരുള്ള വൈ.എസ്.ആർ കോൺഗ്രസ് വെള്ളിയാഴ്ച കൊണ്ടുവരുന്ന അവിശ്വാസ പ്രമേയവുമായി സഹകരിക്കാൻ ജഗൻ റെഡ്ഡിയുടെ കത്തുമായി കോൺഗ്രസ്, സി.പി.എം നേതാക്കളെ സമീപിച്ചിട്ടുണ്ട്. അതിനൊപ്പമാണ് 16 അംഗങ്ങളുള്ള ടി.ഡി.പിയുടെ പിന്തുണവാഗ്ദാനം. വെള്ളിയാഴ്ച ഹൈദരാബാദിൽ ചന്ദ്രബാബു നായിഡു വിളിച്ചിരിക്കുന്ന പാർട്ടി പോളിറ്റ് ബ്യൂറോ യോഗം എൻ.ഡി.എ സഖ്യം വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചേക്കും.
അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി കിട്ടണമെങ്കിൽ 54 എം.പിമാരുടെ പിന്തുണ വേണം. തങ്ങളുടെ ആവശ്യത്തോടുള്ള പ്രതികരണത്തെ ആശ്രയിച്ചാണ് വൈ.എസ്.ആർ കോൺഗ്രസ് നടപടികൾ ഉൗർജിതമാക്കുക.
2017, 2018 വർഷങ്ങളിലെ 10 ഉപതെരഞ്ഞെടുപ്പുകളിൽ ഒന്നിലും ജയിക്കാൻ കഴിയാത്ത ബി.ജെ.പിക്ക് ലോക്സഭയിൽ ഇപ്പോഴും ഒറ്റക്ക് കേവല ഭൂരിപക്ഷം ഉണ്ടെങ്കിലും, നേരിയതാണ്. അവിശ്വാസം പാസാകണമെന്നില്ല. എന്നാൽ പൊതുതെരഞ്ഞെടുപ്പിലേക്ക് ഒരു വർഷം മാത്രം ബാക്കിനിൽക്കേ, വിശ്വാസവോട്ട് തേടേണ്ട സാഹചര്യം ഉണ്ടാവുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷീണവും പ്രതിസന്ധിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.