കർണാടകയിൽ കോൺഗ്രസ് സഖ്യത്തിനില്ല; ആദ്യ സ്ഥാനാർഥി പട്ടിക 22ന്
text_fieldsബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തനിച്ച് മത്സരിക്കും. കന്നടക്കാർ പുതുവത്സരദിനമായി ആഘോഷിക്കുന്ന ‘ഉഗാദി’ ദിനമായ മാർച്ച് 22ന് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി 125 സ്ഥാനാർഥികളുടെ ആദ്യ പട്ടികക്ക് അംഗീകാരം നൽകിയതായും ഇതിൽ 61 സിറ്റിങ് എം.എൽ.എമാർ ഉൾപ്പെടുന്നുവെന്നുമാണ് റിപ്പോർട്ട്.
ജയസാധ്യത കൂടുതലുള്ള മണ്ഡലങ്ങളിൽ മാത്രമേ മുസ്ലിം സ്ഥാനാർഥികളെ നിർത്തൂ. ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലും ലിംഗായത്ത്, കുറുബ വിഭാഗത്തിലെ സ്ഥാനാർഥികളെ നിർത്തുകയും അതിലൂടെ പൂർണമായും മുസ്ലിം ക്രിസ്ത്യൻ വോട്ടുകൾ നേടുകയുമാണ് തന്ത്രമെന്നും നേതാക്കൾ പറയുന്നു.
ജനതാദൾ എസ് 93 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി പ്രഖ്യാപനം നടത്തിയിട്ടില്ല. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും അഴിമതിയുടെ തലസ്ഥാനമാക്കി കർണാടകയെ ബി.ജെ.പി മാറ്റിയെന്നും ആരുമായും സഖ്യത്തിനില്ലെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞു. ആകെയുള്ള 224 സീറ്റിൽ 150 ൽ വിജയിച്ച് അധികാരത്തിലെത്തുകയാണ് ലക്ഷ്യം.
116-122 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചുവരുമെന്നാണ് ഈയടുത്ത് സ്വകാര്യ ഏജൻസിയായ ലോക് പോൾ നടത്തിയ സർവേ ഫലം. അഴിമതിയും തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം ബി.ജെ.പിക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്നും സർവേയിൽ പറയുന്നു.
പ്രമുഖ ബി.ജെ.പി നേതാക്കളടക്കം പാർട്ടിയിൽ ചേർന്നതും കോൺഗ്രസിന്റെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്. വിവിധ മത-ജാതി വിഭാഗങ്ങളുടെ പിന്തുണയാണ് ഓരോ നേതാക്കളുടെയും ശക്തി. പ്രധാനമന്ത്രി മോദിയെ നിരന്തരം സംസ്ഥാനത്ത് എത്തിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണ് ബി.ജെ.പി. ഈവർഷം ഇതുവരെ ആറുതവണ മോദി സംസ്ഥാനത്ത് എത്തിക്കഴിഞ്ഞു.
ഭാരത് ജോഡോ യാത്രക്ക് കർണാടകയിൽ ലഭിച്ച വൻവരവേൽപ്പിന് ശേഷം ഇതാദ്യമായി രാഹുൽഗാന്ധി മാർച്ച് 20ന് സംസ്ഥാനത്ത് എത്തുന്നുണ്ട്. ബെളഗാവിയിൽ നടക്കുന്ന സംസ്ഥാന യുവജന റാലിയിൽ അദ്ദേഹം പങ്കെടുക്കും. മേയിലായിരിക്കും തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.