കോൺഗ്രസ് സഖ്യമില്ല; യു.പിയിൽ എസ്.പിക്കൊപ്പം -സീതാറാം യെച്ചൂരി
text_fieldsഹൈദരാബാദ്: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ചു സംസ്ഥാനങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകൾ ചിതറിപ്പോകാതിരിക്കാനായി പരിശ്രമിക്കുമെന്നും ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിയെ പിന്തുണക്കുമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
മൂന്നു ദിവസമായി ഹൈദരാബാദിൽ നടന്ന പാർട്ടി കേന്ദ്ര കമ്മിറ്റി യോഗം, നിയമസഭ തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് ചർച്ച നടത്തിയെന്നും ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കാൻ തീരുമാനിച്ചുവെന്നും യെച്ചൂരി മാധ്യമങ്ങളോടു പറഞ്ഞു. 'ബി.ജെ.പിയെ പരാജയപ്പെടുത്തലാണ് പ്രാഥമിക ദൗത്യം. ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യങ്ങൾ പരിഗണിച്ച്, ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കാൻ ശ്രമിക്കും' -അദ്ദേഹം വ്യക്തമാക്കി.
യു.പിയിൽ ബി.ജെ.പിക്കെതിരായ മുഖ്യ ശക്തി എസ്.പിയാണ്. അതുകൊണ്ട് അവരെയാണ് പിന്തുണക്കുക. സീറ്റുധാരണ സംബന്ധിച്ച് എസ്.പിയാണ് മുൻകൈ എടുക്കേണ്ടതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുതന്ത്രങ്ങൾ അതത് ഘടകങ്ങളുമായും മറ്റ് ഇടതുപാർട്ടികളുമായും ആശയവിനിമയം നടത്തി തീരുമാനിക്കും.
തെലങ്കാനയിൽ ടി.ആർ.എസുമായി സഖ്യമുണ്ടാവുമോ എന്ന ചോദ്യത്തിന്, ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് വരുമ്പോൾ തീരുമാനമെടുക്കുമെന്നും അദ്ദേഹം മറുപടി നൽകി. മോദി സർക്കാർ എല്ലാ മേഖലയിലും പരാജയപ്പെട്ടുനിൽക്കുകയാണ്. 'കോവിഡ് സാഹചര്യം മോശമായി കൈകാര്യം ചെയ്തു. സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങി. തൊഴിലില്ലായ്മയും വിലക്കയറ്റവും പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനയും ജനങ്ങളെ ദുരിതത്തിലാക്കി.' -അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇലക്ടൽ ബോണ്ട് സംവിധാനത്തെ 'നിയമസാധുത നൽകിയ രാഷ്ട്രീയ അഴിമതി'യെന്ന് വിശേഷിപ്പിച്ച യെച്ചൂരി, നിയമസഭ തെരഞ്ഞെടുപ്പ് ലാക്കാക്കി കേന്ദ്രം എസ്.ബി.ഐ വഴി പുറത്തിറക്കിയ ആയിരക്കണക്കിന് കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് ബി.ജെ.പിക്കുള്ളതാണെന്നും ആരോപിച്ചു. തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികൾക്കും തുല്യ അവസരമൊരുക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറാകണം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് പ്രധാനമന്ത്രിയാണെങ്കിൽപോലും നടപടിയെടുക്കണം.
തെരഞ്ഞെടുപ്പുകൾ വരുമ്പോൾ മൂന്നാംമുന്നണിയെപ്പറ്റിയും നാലാംമുന്നണിയെപ്പറ്റിയുമെല്ലാം പറഞ്ഞുകേൾക്കുമെന്നും എന്നാൽ ഇന്ത്യൻ സാഹചര്യത്തിൽ തെരഞ്ഞെടുപ്പുകൾക്കുശേഷം സഖ്യം രൂപപ്പെടുന്നതാണ് കണ്ടുവരുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.