ഒരു കോൺഗ്രസ് എം.എൽ.എയും പാർട്ടിവിടില്ലെന്ന് ഹിമാചൽ മുഖ്യമന്ത്രി
text_fieldsഷിംല: ഹിമാചൽ പ്രദേശ് കോൺഗ്രസിൽ ചേരിപോരില്ലെന്നും ഒരു നിയമസഭാംഗവും പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരില്ലെന്നും മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖു. ബി.ജെ.പിയുടെ ദുർഭരണത്തിനെതിരായാണ് സംസ്ഥാനത്തെ ജനങ്ങൾ വോട്ട്ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സംസ്ഥാന ഘടകത്തിനുള്ളിലെ ചേരിപ്പോരിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും അദ്ദേഹം തള്ളി.
മുഖ്യമന്ത്രി സ്ഥാനത്തെ ചെല്ലി മാത്രമായിരുന്നു ഹിമാചൽ കോൺഗ്രസിലെ അഭിപ്രായ ഭിന്നത. മുഖ്യമന്ത്രി സ്ഥാനം വഹിക്കാൻ നാലുപേർ സന്നദ്ധരായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നെങ്കിൽ രാജസ്ഥാനിലെ പോലെയുള്ള സാഹചര്യം ഉണ്ടാവുമായിരുന്നുവെന്നും സുഖ്‍വീന്ദർ സിങ് സുഖു പറഞ്ഞു.
മന്ത്രിസഭാ വിപുലീകരണം ഉടൻ ഉണ്ടാവും. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ പാർട്ടിയുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സർക്കാർ ജീവനക്കാർക്കുള്ള പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ വിജയത്തിന് കോൺഗ്രസ് പ്രവർത്തകരെ അഭിനന്ദിച്ച സുഖ്‍വീന്ദർ സിങ്, ഫലപ്രദമായ പ്രചാരണ തന്ത്രം രൂപപ്പെടുത്തിയതിന് പ്രിയങ്ക ഗാന്ധിയെയും പ്രശംസിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് സുഖ്‌വീന്ദർ സിങ് സുഖു ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 68 അംഗ ഹിമാചൽ നിയമസഭയിൽ 40 സീറ്റുകൾ നേടിയാണ് കോൺഗ്രസ് ഭരണം പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.