മാർഗരേഖ പുതുക്കി; ശ്രമിക് ട്രെയിനുകൾക്ക് സംസ്ഥാനങ്ങളുടെ അനുമതി വേണ്ട
text_fieldsന്യൂഡൽഹി: ലോക്ഡൗണിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള പ്രത്യേക ശ്രമിക് ട്രെയിനുകൾക്കുള്ള മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുക്കി.
ട്രെയിൻ അനുവദിക്കാൻ സംസ്ഥാനങ്ങളുടെ സമ്മതം ആവശ്യമാണെന്ന മുൻ നിർദേശം പുതിയ മാർഗരേഖയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെ തന്നെ കേന്ദ്രത്തിന് ശ്രമിക് ട്രെയിനുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷം റെയിൽവേ മന്ത്രാലയമാണ് പ്രത്യേക ട്രെയിനുകൾ അനുവദിക്കുകയെന്നും പുതുക്കിയ ഉത്തരവിൽ പറയുന്നു.
യാത്രയ്ക്കായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നോഡൽ ഓഫിസർമാരെ നിയോഗിക്കണമെന്നും കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കാനും സ്വീകരിക്കാനും ആവശ്യമായ സൗകര്യങ്ങൾ സംസ്ഥാനങ്ങൾ ഒരുക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചൂണ്ടിക്കാട്ടി. ട്രെയിനുകളുടെ സ്റ്റോപ്പുകൾ, എത്തിച്ചേരേണ്ട സ്ഥലം തുടങ്ങിയ ഷെഡ്യൂളുകൾ റെയിൽവേ നിശ്ചയിക്കും.
കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ കൂടുതൽ തീവണ്ടികൾ സർവിസ് നടത്തേണ്ടി വരുമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക പരിഗണന നൽകണമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
രോഗലക്ഷണമില്ലാത്തവർക്ക് മാത്രമേ യാത്ര അനുവദിക്കാൻ പാടുള്ളു. എല്ലാ യാത്രക്കാരേയും പരിശോധിച്ചിട്ടുണ്ടെന്ന് അതത് സംസ്ഥാനങ്ങളും റെയിൽവേയും ഉറപ്പുവരുത്തണം. റെയിൽവേ സ്റ്റേഷനിലും യാത്രയിലുടനീളവും യാത്രക്കാർ സാമൂഹിക അകലം പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിെൻറ ഉത്തരവിൽ പറയുന്നു.
ടിക്കറ്റ് ബുക്കിങ്, ട്രെയിനിെൻറ സമയക്രമം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ റെയിൽവേ തീരുമാനിക്കും. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം സ്റ്റോപ്പ്, എത്തിച്ചേരേണ്ട സ്ഥലം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം റെയിൽവേയാണ് എടുക്കുക. തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ അതത് സംസ്ഥാനങ്ങളെ ഇക്കാര്യങ്ങൾ റെയിൽവേ അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.